കേരളാ ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്.സി: കണക്കുകളും പ്രകടനവും വിശകലനം ചെയ്യുമ്പോൾ...

ആറു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം സെമി ഫൈനലില്‍ ജയിച്ച ഹൈദരാബാദ് എഫ്.സിയെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ നേരിടുന്നത്.
കിരീടത്തിനായി ബ്ലാസ്റ്റേഴ്സും ഹൈദരാബാദും പോരാടാൻ ഒരുങ്ങുമ്പോൾ സീസണില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴുള്ള മത്സരഫലം, കണക്കുകള്‍ എന്നിവ വിശകലനം ചെയ്യാം.
ജനുവരി ഒന്‍പതിനായിരുന്നു ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഹൈദരബാദിനെ നേരിട്ടത്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിനെ തോല്പിക്കാന് മഞ്ഞപ്പടക്ക് കഴിഞ്ഞിരുന്നു.
42ാം മിനുട്ടില്‍ അല്‍വാരോ വാസ്ക്വസിന്റെ വകയായിരുന്നു വിജയ ഗോള്‍. മത്സരത്തില്‍ 57 ശതമാനം പന്ത് കൈവശംവെച്ച് കളിച്ചത് ഹൈദരബാദായിരുന്നെങ്കിലും ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. 12 ഷോട്ടുകള്‍ കേരളാ ബ്ലാസ്റ്റേഴ്സ് എടുത്തപ്പോള്‍ 15എണ്ണം ഹൈദാരാബാദ് എഫ്.സിയും തൊടുത്തു. ഇരു ടീമുകളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരുന്നു ഈ മത്സരം സാക്ഷ്യം വഹിച്ചത്.
പിന്നീട് ഫെബ്രുവരി 23നായിരുന്നു റിവേഴ്സ് ഫിക്സ്ചറിൽ ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 2-1 എന്ന സ്കോറിന് ജയം ഹൈദരാബാദിനൊപ്പം നിന്നു. 28ാം മിനുട്ടില്‍ ബര്‍തലോമിയോ ഒഗ്ബച്ചെയായിരുന്നു ആദ്യ ഗോള്‍ നേടിയത്. 87ാം മിനുട്ടില്‍ ജാവിയര്‍ സിവേറിയയിലൂടെ ഹൈദരാബാദ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 95ാം മിനുട്ടില്‍ വിന്‍സി ബാരറ്റോയിലൂടെയായിരുന്നു മഞ്ഞപ്പട ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
എന്നാല്‍ ഈ മത്സരത്തില്‍ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. 55 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് 19 ഷോട്ടുകളാണ് എതിര് പോസ്റ്റിലേക്ക് തൊടുത്തത്. അതില്‍ ഏഴെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏറെ അവസരങ്ങൾ സൃഷ്ടിച്ചു എന്നത് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹൈദരാബാദ് നേടിയ രണ്ട് ഗോളുകൾ മികച്ച മാർക്കിങ്ങിലൂടെ ബ്ലാസ്റ്റേഴ്സിന് ഒഴിവാക്കാൻ കഴിയുന്നതുമായിരുന്നു.
കണക്കുകളിലെ കളികള്‍ നോക്കി ഇരു ടീമുകൾക്കും ആശങ്കപ്പെടാനില്ല. എതിരാളികളെ വീഴ്ത്താൻ തങ്ങൾക്കാകുമെന്ന് ഇരു ടീമുകളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഫറ്റോർഡ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഒരു ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.