ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാന്‍ കൊമ്പന്‍മാര്‍ ഗോവക്കെതിരേ ഇറങ്ങുന്നു

Kerala Blasters are unbeaten in seven games
Kerala Blasters are unbeaten in seven games / Indian Super League
facebooktwitterreddit

2022ല്‍ ആരാധകര്‍ക്ക് പുതുവല്‍സര സമ്മാനം നല്‍കാന്‍ കൊമ്പന്‍മാര്‍ നാളെ എഫ്.സി ഗോവയെ നേരിടുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹൻ ബഗാനോട് തോല്‍വി അറിഞ്ഞതിന് ശേഷം പിന്നീടുള്ള ഏഴ് മത്സരങ്ങളിലും മഞ്ഞപ്പട പരാജയം രുചിച്ചിട്ടില്ല. മികച്ച ഫോമില്‍ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ തോല്‍പിക്കാനാകുമെന്നാണ് പ്രതീക്ഷ.

എന്നിരുന്നാലും മത്സരത്തിനെ അതിന്റേതായ ഗൗരവത്തോടെ കാണണമെന്നാണ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന്റെ നിര്‍ദേശം. സീസണില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ഗോവക്ക് കെട്ടുറപ്പുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയും പ്രതിരോധവും കടന്ന് ഗോള്‍മുഖത്തെത്തണമെങ്കില്‍ നന്നായി പണിയെടുക്കേണ്ടിവരും. നിലവില്‍ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ഗോവ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്.

അവസാന മൂന്ന് മത്സരങ്ങളിലും കളിച്ച താരങ്ങളെ അണിനിരത്തിയായിരിക്കും മഞ്ഞപ്പട ഗോവയെ നേരിടുക. നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എവിടെയും ഒരു ഓപറേഷന്റെ സാധ്യതയില്ലെന്നാണ് പരിശീലകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. താരങ്ങളെല്ലാവരും ഒത്തിണക്കം കണ്ടെത്തിയതാണ് ബ്ലസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തി.

അത് നാളെ ഗോവയിലെ തിലക് മൈതാനിയില്‍ കാണാന്‍ കഴിഞ്ഞാല്‍ സീസണിലെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും അപരാജിതരായി മടങ്ങാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ കളിച്ചപ്പോള്‍ കൂടുതലായും സ്വീകരിച്ച 4-4-2 ഫോര്‍മേഷനില്‍ ഗോവയെ നേരിടാനാണ് സാധ്യത. കാരണം പരിശീലകന്റെ പ്ലാനുകള്‍ കൂടുതലായും നടപ്പിലാക്കാനും ഗോവയെ പിടിച്ച് നിര്‍ത്താനും ഏറ്റവും അനുയോജ്യമായ ഫോര്‍മേഷനും അതുതന്നെയായിരിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.