Football in Malayalam

ആദ്യ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്; അടുത്ത എതിരാളികൾ എസ്‌സി ഈസ്റ്റ് ബംഗാൾ

Haroon Rasheed
Kerala Blasters will be aiming for their second win of the ongoing ISL season
Kerala Blasters will be aiming for their second win of the ongoing ISL season / Indian Super League
facebooktwitterreddit

സീസണിലെ അഞ്ചാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടുകയാണ്. നാല് മത്സരത്തില്‍ നിന്ന് അഞ്ചു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോള്‍. അവസാന മത്സരത്തില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമുള്ള ബ്ലാസ്റ്റേഴ്‌സിന് അത് വർദ്ധിപ്പിക്കാൻ നാളത്തെ മത്സരത്തിലെ ജയം സഹായിക്കും.

കാരണം നാളത്തെ മൂന്ന് പോയിന്റ് കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് ടേബിളില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ മഞ്ഞപ്പടക്ക് കഴിയും. പിന്നീട് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടത് ശക്തരായ എതിരാളികളെയാണ്. അവസാന മത്സരത്തിലെ സ്ഥിരത പുറത്തെടുക്കുകയാണെങ്കില്‍ ഒരുപക്ഷെ നാളെ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്‌സിന് അനായാസാം പരാജയപ്പെടുത്താന്‍ കഴിയും.

സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേക്കും. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര ഏറെക്കുറെ ഒത്തിണക്കം നേടിയിട്ടുണ്ട്. മധ്യനിരയില്‍കൂടി സ്ഥിരതയുള്ളൊരു അറ്റാക്കിങ് മിഡ്ഫീല്‍ഡറെ കണ്ടെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാകും. ഭൂട്ടാന്‍ താരം ചെഞ്ചോയെ ആദ്യ ഇലവനിലിറക്കിയാല്‍ മധ്യനിരയുടെ സ്ഥിരതക്ക് പരിഹാരമായേക്കാം.

ചെഞ്ചോക്ക് കൂട്ടായി ലൂണയും വാസ്‌കസും എത്തുന്നതോടെ മികച്ചൊരു വിദേശ കൂട്ടുകെട്ട് വാര്‍ത്തെടുക്കാനും ബ്ലാസ്‌റ്റേഴ്‌സിന് കഴിയും. അവസാന മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ട്രാക്കിലായ സ്ഥിതിയാണ്. അതിനാല്‍ അതേ പ്രകടനം തുടര്‍ന്നാല്‍ കൊമ്പന്‍മാര്‍ക്ക് സീസണിലെ രണ്ടാം ജയം സ്വന്തമാക്കാം. മധ്യനിരയില്‍ ജിക്‌സണും പുട്ടിയയും സ്ഥിരത കൈവരിച്ചാല്‍ ഗോവയിലെ നാളത്തെ ജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരിക്കുമെന്നതില്‍ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit