കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒന്നില്‍ നിന്ന് തുടങ്ങണം

കോവിഡ് തകര്‍ത്ത സ്വപ്നവുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് നാളെ ബംഗളുരു എഫ്.സിയെ നേരിടുന്നത്. സീസണില്‍ സ്വപ്നതുല്യമായ വിജയങ്ങളുമായി കളംവാണു കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ഇതിനിടെയിലാണ് താരങ്ങളെ കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതോടെ ബ്ലാസ്റ്റേഴ്സിന്റ രണ്ട് മത്സരങ്ങള്‍ മാറ്റിവെക്കുകയും പരിശീലനം മുടങ്ങുകയും ചെയ്തു.
18 ദിവസമാണ് ചെറിയ പരിശീലനം പോലുമില്ലാതെ താരങ്ങള്‍ റൂമില്‍ അടച്ചിരുന്നത്. അതിനാല്‍ ഇനി ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ് ബ്ലാസ്റ്റേഴ്സിന്. മാനിസികമായും ശാരീരികമായും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് മികച്ച തുടക്കം അത്യാവശ്യമാണ്. അജയ്യരായി മുന്നേറിയിരുന്ന ബ്ലാസ്റ്റേഴ്സിന് മുന്നില്‍ കോവിഡ് വിലങ്ങു തടിയാവുകയായിരുന്നു.
നാളെ ബംഗളൂരു എഫ്.സിക്കെതിരേയുള്ള മത്സരത്തില്‍ എത്ര താരങ്ങള്‍ കളത്തിലുണ്ടാകുമെന്ന് പോലും അറിയാത്ത അവസ്ഥയാണ് പരിശീലകന് ഇവാന് വുകമോവിച്ചിന്. ഇക്കാര്യം അദ്ദേഹം പ്രീ മാച്ച് പ്രസ് മീറ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം വെറുമൊരു കടമ നിര്‍വഹിക്കല്‍ മാത്രമാകും. കോവിഡ് മാറിയതിന് ശേഷവും പല താരങ്ങള്‍ക്കും ശാരീരക ബുദ്ധിമുട്ടുള്ളതിനാല്‍ ആരേയും നിര്‍ബന്ധിച്ച് കളിപ്പിക്കാനും കഴിയില്ലെന്നാണ് പരിശീലകന്റെ നിലപാട്. മികച്ച ഫോമില്‍ കളിക്കുന്ന ബംഗളൂരു എഫ്.സിക്കെതിരേയാണ് നാളത്തെ മത്സരമെന്നത് മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് ഒന്നുകൂടി വര്‍ധിക്കും.
ലഭ്യമായ താരങ്ങളെ വെച്ച് കളിക്കാന്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ നീക്കമെന്നാണ് വ്യക്തമാകുന്നത്. ബംഗളൂരുവിനെതിരേയുള്ള ആദ്യ ഇലവില്‍ ആരെല്ലാം ഇടംനേടുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്. നിലവില്‍ 11 മത്സരത്തില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെക്കാള്‍ രണ്ട് മത്സരം കുറവാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിനാല്‍ ലീഗില്‍ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേധാവിത്തം. എന്നാല്‍ ഇനിയുള്ള മത്സരങ്ങളാകും മഞ്ഞപ്പടയുടെ മുന്നോട്ടുള്ള യാത്രയിൽ നിര്‍ണായമാവുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.