Football in Malayalam

ഒത്തിണക്കം കരുത്താക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ആരാധകഹൃദയം കവർന്ന് കൊമ്പന്മാർ

Haroon Rasheed
Blasters are on an impressive run
Blasters are on an impressive run / Indian Super League
facebooktwitterreddit

കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ പത്താം മത്സരത്തിലും തോല്‍വി അറിയാതെയാണ് മഞ്ഞപ്പട കുതിക്കുന്നത്. സീസണില്‍ ടീം നേടിയെടുത്ത ഒത്തിണക്കം തന്നെയാണ് കൊമ്പന്‍മാരുടെ മുന്നോട്ടുള്ള യാത്രയിലെ പ്രധാന കാരണം.

ഗ്രൗണ്ടിലെ സ്‌പേസ് മാക്‌സിമം ഉപയോഗിച്ച് കളിക്കുന്നത് കൊണ്ട് വൃത്തിയുള്ള കളിയും സുന്ദരമായ നീക്കങ്ങളും നടത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറുന്നത്. ഒഡിഷക്കെതിരേ രണ്ട് മാറ്റമായിരുന്നു പരിശീലകന്‍ വുകമനോവിച്ച് കൊണ്ടുവന്നത്. ഒന്ന് പരുക്കേറ്റ ക്യാപ്റ്റന്‍ ജെസ്സലിന് പകരക്കാരനായി നിഷു കുമാറിനെ കൊണ്ടുവന്നു.

ജെസലിന്റെ പൊസിഷനില്‍ നിഷുകുമാറിന് കഴിവ് തെളിയിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാത്ത രീതിയിലായിരുന്നു നിഷുവിന്റെ പ്രകടനം. സീസണില്‍ ആദ്യമായിട്ടാണ് നിഷു കുമാര്‍ ആദ്യ ഇലവനിലെത്തുന്നത്. അത് താരം ഗോളോടെ ആഘോഷിക്കുകയും ചെയ്തു. പരുക്കിന്റെ പിടിയിലായിരുന്ന സിപോവിച്ച് തിരിച്ചെത്തിയതായിരുന്നു ടീമിലെ രണ്ടാമത്തെ മാറ്റം.

സിപോവിച്ച് തിരിച്ചെത്തിയതോടെ പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഒന്നില്‍ കൂടുതല്‍ ഓപ്ഷനുകളായി. അതുകൊണ്ട് പരുക്കിനെയും കാര്‍ഡിനെയും ഭയക്കാതെ പ്രതിരോധനിരക്ക് കാര്യങ്ങള്‍ നീക്കാന്‍ സാധിക്കും. ടീമിലെ ഏറെക്കുറെ എല്ലാ താരങ്ങളും ഇതിനോടകം ഗോള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ടീമിന്റെ കരുത്തും ആത്മവിശ്വാസവും ഒന്നുകൂടി വര്‍ധിക്കും.

ഒഡിഷക്കെതിരേ പലപ്പോഴും വണ്‍ ടച്ച് കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കണ്ടിരുന്നു. ഇത് കണ്ടപ്പോള്‍ ടീമിന്റെ വിഷന്‍ മൊത്തത്തില്‍ മാറിയതുപോലുള്ള തോന്നല്‍ വരുത്തി. ഡയറക്ഷനും എക്‌സിക്യുഷനും കൂടുതല്‍ സമയം എടുക്കുന്നില്ല എന്നത് തന്നെയാണ് ടീമിന്റെ വിജയമായി കാണുന്നത്. ആരാധകഹൃദയം കവരുന്ന മനോഹര ഫുട്ബോൾ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്.

മുന്നേറ്റത്തില്‍ നിന്ന് പന്ത് നഷ്ടപ്പെട്ടാല്‍ അതിനെ പിന്തുടര്‍ന്ന് ഡിസ്റ്റര്‍ബ് ചെയ്യുന്നത് കൊണ്ട് മധ്യനിരയിലും പ്രതിരോധത്തിലും താരങ്ങളുടെ സമ്മര്‍ദം കുറക്കുന്ന പലഘട്ടങ്ങളും മത്സരത്തിലുണ്ടായി. അത് ടീമിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും വര്‍ധപ്പിക്കുന്നതായിരുന്നു. 16ന് മുംബൈ സിറ്റിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit