Football in Malayalam

ഗോകുലം കേരളയിൽ നിന്ന് ഇന്ത്യൻ താരത്തെ റാഞ്ചാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്; കരാറിന് തൊട്ടരികെയെന്ന് സൂചന

Gokul Manthara
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

ഇത്തവണത്തെ ഐലീഗ് കിരീടം ചൂടിയ ഗോകുലം കേരള ടീമിലുണ്ടായിരുന്ന ഇന്ത്യൻ വിംഗർ വിൻസി ബാരറ്റോയെ ടീമിലെത്തിക്കാനൊരുങ്ങി കേരളാ ‌ബ്ലാസ്റ്റേഴ്സ്.‌ ഗോവൻ താരമായ ബാരറ്റോയുടെ കരാർ കാര്യത്തിൽ ഇരു ടീമുകളും തമ്മിൽ ധാരണയിലെത്തിയതായും, കരാറിന്റെ ഭാഗമായി ഗോകുലത്തിന് മികച്ചൊരു ട്രാൻസ്ഫർ തുക ബ്ലാസ്റ്റേഴ്സ് നൽകുമെന്നുമാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് മുടക്കുന്ന തുക എത്രയാണെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത ലഭിച്ചിട്ടില്ല.

ഡെമ്പോ എസ് സിയുടെ അണ്ടർ 18 ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ ശ്രദ്ധിക്കപ്പെട്ട ബാരറ്റോ, 2017-18 സീസണിന് മുന്നോടിയായി തന്റെ പതിനേഴാം വയസിൽ എഫ് സി ഗോവയുടെ ഡെവലപ്പ്മെന്റൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ്. തൊട്ടടുത്ത വർഷം അവരുടെ റിസർവ്വ് ടീമിൽ അവസരം ലഭിച്ച അദ്ദേഹം ക്ലബ്ബിനായി ഗോവ പ്രൊഫഷണൽ ലീഗിലും, രണ്ടാം ഡിവിഷൻ ലീഗിലും കളിച്ചു‌. ഗോവയുടെ റിസർവ്വ് ടീമിനായി നടത്തിയ ഉജ്ജ്വല പ്രകടനങ്ങൾ കഴിഞ്ഞ സമ്മറിൽ ബാരറ്റോയെ ഗോകുലം കേരളയിലെത്തിച്ചു.

2020-21 സീസൺ ഐ ലീഗിൽ ഗോകുലം കേരള കളിച്ച 16 മത്സരങ്ങളിൽ 14 ലും മത്സരദിന സ്ക്വാഡിൽ ഇടം പിടിച്ച ബാരറ്റോ, മൊത്തം 13 മത്സരങ്ങളിലാണ് കളിക്കാനിറങ്ങിയത്. വേഗതക്കും, വ്യത്യസ്ത റോളുകളിൽ കളിക്കാനുള്ള മികവിനും പേരുകേട്ട ഈ ഇരുപത്തിയൊന്നുകാരൻ, സ്ട്രൈക്കർ സ്ഥാനത്തും, വിംഗ് ബാക്ക് സ്ഥാനത്തും കളിക്കാൻ സാധിക്കുന്ന താരമാണ്.

അതേ സമയം 2020-21 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ദയനീയ പ്രകടനങ്ങൾ കാഴ്ച വെച്ച് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളാ ബ്ലാസ്റ്റേഴ്സ്, അടുത്ത സീസണ് മുൻപായി‌ ടീമിൽ അഴിച്ചു പണികൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞയിടക്ക് മുൻ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരം സഞ്ജിവ് സ്റ്റാലിനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്സ്, വരുന്ന ആഴ്ചകളിൽ കൂടുതൽ സൈനിംഗുകൾ നടത്തുമെന്നാണ് സൂചനകൾ.

facebooktwitterreddit