'ദയവായി ഞങ്ങളിൽ വിശ്വസിക്കൂ', കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരോട് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻകിസ്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സമീപകാല പ്രകടനങ്ങളിൽ ആരാധകർക്കുള്ള നിരാശ താൻ മനസിലാക്കുന്നുവെന്നും എന്നാൽ ക്ലബ്ബിന്റെ ഇപ്പോളത്തെ പ്രക്രിയയിൽ ആരാധകർ വിശ്വാസം കാട്ടണമെന്നും ടീമിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻ കിസ്. കഴിഞ്ഞ ദിവസം ഗോൾ ഡോട്ട്കോമിനോട് സംസാരിക്കവെ സ്പോർട്ടിംഗ് ഡയറക്ടർ എന്ന നിലയിൽ ക്ലബ്ബിലെ തന്റെ പങ്കിനെക്കുറിച്ച് മനസ് തുറന്ന സ്കിൻ കിസ്, ഈ സീസണിൽ വിദേശ താരങ്ങളെ സൈൻ ചെയ്തപ്പോൾ തങ്ങൾ പരിഗണിച്ച പ്രധാന കാര്യത്തെക്കുറിച്ചും വെളിപ്പെടുത്തി.
ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറുടെ സ്ഥാനത്തിരിക്കുമ്പോൾ നിലവിലെ കാര്യങ്ങളെക്കുറിച്ചല്ല മറിച്ച് കുറഞ്ഞത് രണ്ട് ട്രാൻസ്ഫർ ജാലകങ്ങളെങ്കിലും മുന്നിലേക്കുള്ള കാര്യങ്ങളെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നാണ് സ്കിൻകിസ് പറയുന്നത്. ഇപ്പോളും കോവിഡ് സീസണിലാണ് തങ്ങളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് മൂലം മിഡ് സീസൺ ട്രാൻസ്ഫർ ജാലകം വേണ്ടത്ര സജീവമല്ലെന്നും വ്യക്തമാക്കി. വിദേശ താരങ്ങൾക്കുള്ള പരിധി കാരണം ടീമിന് വളരെയധികം മാറാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം 2021-22 സീസണിലേക്ക് തങ്ങൾ വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്തതിന് പിന്നിലെ പ്രക്രിയയെക്കുറിച്ചും വെളിപ്പെടുത്തി.
Kerala Blasters sporting director Karolis Skinkys is confident of long-term success at the club ?https://t.co/p9zB7fokSm#KBFC #IndianFootball #YennumYellow #HeroISL
— Goal India (@Goal_India) November 5, 2021
പോയ സീസണിൽ ടീമിലെ വിദേശ താരങ്ങൾ പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ ഭാഷ, ക്ലബ്ബിനുള്ളിലെ ആശയവിനിമയത്തിന് ഒരു പ്രശ്നമായെന്നാണ് സ്കിൻകിസ് പറയുന്നത്. ഈ ഭാഷാതടസം ടീമിന് തിരിച്ചടിയായിരുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം അത് കൊണ്ടു തന്നെ ഇക്കുറി വിദേശ താരങ്ങളെ തിരഞ്ഞെടുത്തത് ഈയൊരു പ്രശ്നം ടീമിനെ അലട്ടരുതാത്ത തരത്തിലാണെന്നും വ്യക്തമാക്കി.
"വിദേശികൾ തമ്മിലുള്ള ആശയവിനിമയവും, ബന്ധവും വളരെയധികം പ്രധാനപ്പെട്ടതാണ്. വ്യത്യസ്ത ഭാഷകൾ കാരണം കഴിഞ്ഞ സീസണിൽ അത് അത്ര മികച്ചതായിരുന്നില്ലെന്ന് ഞാൻ തുറന്ന് സമ്മതിക്കുന്നു. ഈ സീസണിൽ ഞങ്ങളുടെ ആക്രമണ താരങ്ങളെല്ലാം സ്പാനിഷ് സംസാരിക്കുന്നവരാണ്. ചെഞ്ചോ ഗിൽഷൻ ഈ നാട്ടുകാരനെപ്പോലെയാണ്. അദ്ദേഹം ഹിന്ദി സംസാരിക്കും. ഞാൻ അവനെ ഒരു വിദേശിയായി കണക്കാക്കുന്നില്ല." കരോളിസ് സ്കിൻകിസ് പറഞ്ഞു നിർത്തി.