Football in Malayalam

തകർപ്പൻ നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സ്; ടീമിലെത്തിയത് അർജന്റൈൻ സ്ട്രൈക്കർ

Gokul Manthara
Lanus v Caracas FC - Copa Bridgestone Libertadores
Lanus v Caracas FC - Copa Bridgestone Libertadores / Gabriel Rossi/Getty Images
facebooktwitterreddit

വരും സീസണ് മുന്നോടിയായി തങ്ങളുടെ മുന്നേറ്റ നിര കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി അർജന്റൈൻ സ്ട്രൈക്കർ ജോർജ്‌ പെരെയ്ര ഡയസിനെ ടീമിലെത്തിച്ച് കേരളാ‌ ബ്ലാസ്റ്റേഴ്സ്. ഖേൽ നൗവാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ടുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികം താമസിയാതെ ഇക്കാര്യത്തിൽ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ.

അർജന്റീനയും മെക്സിക്കോയും അടക്കമുള്ള അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ കളിച്ചതിന്റെ പരിചയസമ്പത്തുമായി ഇന്ത്യയിലെത്തുന്ന പെരെയ്ര ഒരു വർഷത്തെ കരാറാണ്‌‌‌‌ ബ്ലാസ്റ്റേഴ്സുമായി ഒപ്പു വെച്ചിരിക്കുന്നത്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസുമായി 2021 ഡിസംബർ വരെ താരത്തിന് കരാറുണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ സ്വീകരിക്കുന്നതിനായി അദ്ദേഹം ക്ലബ്ബിൽ നിന്ന് റിലീസ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നാണ് സൂചനകൾ.

2008 ൽ അർജന്റൈൻ ക്ലബ്ബായ ഫെറോ കാറിൽ ഒസ്റ്റയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ഡയസ് നാല് സീസണുകളിലാണ് അവർക്കായി കളിച്ചത്. തുടർന്ന് അർജന്റൈൻ ക്ലബ്ബ് തന്നെയായ ലാനസിലെത്തിയ താരം അവർക്കൊപ്പം കോപ്പ‌ സുഡാമേരിക്കാന കിരീടവും ചൂടി. മലേഷ്യൻ മുൻ നിര ക്ലബ്ബായ ജോഹർ ഡാരുൽ ട സിം, അർജന്റൈൻ ക്ലബ്ബ് ഇൻഡിപെൻഡിയന്റ്, മെക്സിക്കൻ ക്ലബ്ബായ ലിയോൺ, ബൊളീവിയൻ ക്ലബ്ബായ ബൊളിവർ, ചിലി ക്ലബ്ബ് സാൻ മാർക്കോസ് എന്നിവർക്കായും ഡയസ് കളിച്ചിട്ടുണ്ട്.

മലേഷ്യൻ ക്ലബ്ബായ ജോഹറിൽ കളിക്കുമ്പോളായിരുന്നു ഡയസ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്‌. അൻപതിലധികം ഗോളുകൾ അവർക്കായി സ്കോർ ചെയ്ത ഈ മുപ്പത്തിയൊന്നുകാരൻ, 2 മലേഷ്യൻ സൂപ്പർ ലീഗ് കിരീടങ്ങളിലും മുത്തമിട്ടു. ഈ വർഷം ഫെബ്രുവരിയിൽ ക്ലബ്ബ് അത്ലറ്റിക്കോ പ്ലാറ്റൻസിൽ ചേർന്ന ഡയസിന് ഡിസംബർ വരെ അവരുമായി കരാറുണ്ടായിരുന്നെങ്കിലും ക്ലബ്ബിൽ നിന്ന് റിലീസ് ചോദിച്ചു വാങ്ങി അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു‌.

അതേ സമയം 2021-22 സീസണ് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഡയസ്. അഡ്രിയാൻ ലൂണ, എനസ് സിപോവിച്ച് എന്നീ വിദേശ താരങ്ങളെയാണ് ഇതിന് മുൻപ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്‌.

facebooktwitterreddit