ലോണടിസ്ഥാനത്തിൽ യൂക്രെയ്നിയൻ മധ്യനിരതാരം ഇവാൻ കലിയൂഷ്നിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

യൂക്രെയ്നിയൻ മധ്യനിരതാരം ഇവാൻ കലിയൂഷ്നിയെ ടീമിലെത്തിച്ചതായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. യൂക്രെയ്നിയൻ ക്ലബായ എഫ്സി ഒലെക്സാൻഡ്രിയയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് കലിയൂഷ്നിയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.
സെൻട്രൽ മിഡ്ഫീൽഡറായും, ഡിഫൻസീവ് മിഡ്ഫീൽഡറായും, സെന്റർ ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് 24കാരനായ കലിയൂഷ്നി.
യൂക്രെയ്നിയൻ ക്ലബായ എഫ്സി മെറ്റലിസ്റ്റ് ഖർകിവിലൂടെ തന്റെ യൂത്ത് കരിയർ ആരംഭിച്ച കലിയൂഷ്നി, യൂക്രെയ്ൻ വമ്പന്മാരായ ഡൈനാമോ കീവിന്റെ യൂത്ത് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
ഡൈനാമോ കീവിൽ നിന്ന് ലോൺ കരാറിൽ മെറ്റലിസ്റ്റ് 1925 ഖർകിവിലേക്ക് ചേക്കേറി കലിയൂഷ്നി തന്റെ സീനിയർ കരിയർ അവിടെയാണ് ആരംഭിച്ചത്. 1925 ഖർകിവിന് വേണ്ടി 27 മത്സരങ്ങളിലാണ് താരം ബൂട്ടണിഞ്ഞത്.
തൊട്ടടുത്ത സീസണിൽ ലോൺ കരാറിൽ റൂഖ് ലിവിനൊവിലേക്ക് ചേക്കേറിയ കലിയൂഷ്നി അവർക്കായി 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് താരത്തെ എഫ്സി ഒലെക്സാൻഡ്രിയ സ്വന്തമാക്കുന്നത്. അവർക്ക് വേണ്ടി 23 മത്സരങ്ങൾ കലിയൂഷ്നി കളിച്ചിട്ടുണ്ട്. കുറച്ച് കാലം ഐസ്ലാൻഡ് ടോപ് ഡിവിഷൻ ക്ലബായ കെഫ്ലാവിക് ഐഎഫിലും താരം ലോണിൽ കളിച്ചിട്ടുണ്ട്.
അതേ സമയം, ഈ സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ വിദേശ സൈനിങാണ് കലിയൂഷ്നി. നേരത്തെ, ഗ്രീക്ക്-ഓസ്ട്രേലിയൻ മുന്നേറ്റതാരമായ അപ്പോസ്തൊലോസ് ജിയാനുവിനെയും, സ്പാനിഷ് പ്രതിരോധതാരമായ വിക്ടർ മോങ്ങിലിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.