സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യ സൈനിംഗുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്, ബ്രൈസ് മിറാൻഡയെ ടീമിലെത്തിച്ചു

ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് മധ്യനിര താരം ബ്രൈസ് മിറാന്‍ഡയെ വെളിപ്പെടുത്താത്ത ട്രാൻസ്ഫർ തുകക്ക് സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. 2026 വരെയുള്ള കരാറിലാണ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
നിലവിൽ 22 വയസ് പ്രായമുള്ള മിറാൻഡ മുംബൈ എഫ്‌സിയില്‍ നിന്നാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. പിന്നീട് യൂണിയൻ ബാങ്ക് എഫ്‌സിക്കായും, എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമിന് വേണ്ടിയും, ഇന്‍കം ടാക്‌സ് എഫ്‌സിക്ക് വേണ്ടിയും കളിച്ച മിറാൻഡ 2020ൽ ഐ-ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സിലേക്ക് ചേക്കേറി.
കഴിഞ്ഞ രണ്ട് സീസണുകളിലായി ചർച്ചിലിന് വേണ്ടി ബൂട്ടണിഞ്ഞ താരം, ടീമിലെ അഭിവാജ്യ ഘടകമായിരുന്നു. ചർച്ചിലിന് വേണ്ടി 33 മത്സരങ്ങളിൽ കളിച്ച താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കാലയളവിൽ കരസ്ഥമാക്കി.
"കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ കഴിഞ്ഞതില്‍ അതിയായ ആവേശമുണ്ട്. കുറച്ചുകാലമായി ക്ലബ്ബിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണിത്. എത്രയും വേഗം കൊച്ചിയിലെത്താനും എന്റെ പുതിയ ടീമംഗങ്ങളെ കാണാനും മഞ്ഞപ്പടയ്ക്കു മുന്നില്‍ കളിക്കാനുമുള്ള കാത്തിരിപ്പിലാണ് ഞാന്‍," ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പ് വെച്ചതിന് ശേഷം മിറാന്‍ഡ പറഞ്ഞു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൈനിങാണ് മിറാൻഡ. പ്രീ-സീസണിന്റെ തുടക്കത്തില്‍ മിറാൻഡ കൊച്ചിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.