തുടക്കം തോൽവിയോടെയെങ്കിലും, ഈ ബ്ലാസ്റ്റേഴ്സില്‍ പ്രതീക്ഷക്ക് വകയുണ്ട്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐ.എസ്.എല്ലിന്റെ എട്ടാം സീസണ് തുടക്കമായത്. പതിവ് പോലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം എ.ടി.കെയാണ് പോരാട്ടത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി പിണഞ്ഞെങ്കിലും മത്സരത്തിന്റെ രീതി പ്രതീക്ഷ തരുന്നതാണ്. മത്സരത്തിന്റെ തുടക്കത്തില്‍ എ.ടി.കെയുടെ ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികള്‍ക്ക് മേല്‍ വീണ ആദ്യത്തെ അടിയായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങിയെങ്കിലും പോരാട്ട വീര്യത്തോടെയും ഒത്തിണക്കത്തോടെയും കളിക്കാന്‍ കൊമ്പന്മാര്ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിനുമേല്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷ.
എ.ടി.കെ പോലൊരു മികച്ച കെട്ടുറപ്പുള്ള ടീമിന് എതിരേ 4-4-2 ഫോര്‍മേഷനില്‍ ടീമിനെ ഇറക്കിയതാണ് ആദ്യത്തെ പിഴവ്. അത് മുതലെടുക്കാന്‍ എതിരാളികള്‍ക്ക് കഴിയുകയും ചെയ്തു. പ്രതിരോധത്തിന്റെ ഒത്തിണക്കമില്ലായ്മ കാരണമായിരുന്നു ആദ്യത്തെ മൂന്ന് ഗോളും വലയിലെത്തിയത്. ആദ്യ ഗോള്‍ വലയിലെത്തിയത് റോയ് കൃഷ്ണയുടെ ഫേക്ക് അറ്റംപ്റ്റിലൂടെയായിരുന്നു. അതിന് മുന്നില്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പെനാല്‍റ്റിയിലൂടെ കൊല്‍ക്കത്ത നേടിയ രണ്ടാം ഗോളും പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് തന്നെയായിരുന്നു.
ബോമസിന്റെ ഒറ്റക്കുള്ള മുന്നേറ്റത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ പ്രതിരോധത്തിന് കഴിയാതിരുന്നതോടെയായിരുന്നു താരം എ.ടി.കെയുടെ മൂന്നാം ഗോള്‍ നേടിയത്. ലിസ്റ്റൺ കൊളാസോയുടെ ഒരു അത്യുഗ്രൻ ഷോട്ടിൽ നിന്ന് മാത്രം പിറന്നതായിരുന്നു നാലാം ഗോൾ. പ്രാഥമിക വിലയിരുത്തല്‍ നടത്തുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ആദ്യ മൂന്ന് ഗോളുകളും പ്രതിരോധത്തിന്റെ പിഴവാണ്. പ്രതിരോധം പാളിയപ്പോള്‍ ഗോള്‍ കീപ്പര്കൂടി നിസാഹനായതോടെയാണ് എ.ടി.കെയുടെ ഗോളുകള്‍ അനായാസം വലയിലെത്തിയത്.
രണ്ടോ മൂന്നോ മത്സരങ്ങള്‍കൂടി കളിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയും ടീമും കോർഡിനേഷനും കോമ്പിനേഷനും കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എതിരാളികളെ തടയാന്‍ മികച്ച ഫിസിക്കല്‍ കപാസിറ്റിയും തന്ത്രവും പ്രതിരോധ നിരക്കുണ്ടെന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. മധ്യനിരയില്‍ ലൂണ - സഹല്‍ കൂട്ടുകെട്ട് പരിശീലകന് വുകോമനോവിച്ചിന്റെ പ്ലസ് പോയിന്റായി കരുതാം. മത്സരത്തിന്റെ മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പരിശീലകന് പറഞ്ഞ കാര്യം ആദ്യ മത്സരത്തില്‍ കാണാന്‍ സാധിച്ചു. സഹലിന് വ്യത്യസ്തമായ രീതിയിലുള്ള ചുമതലയായിരിക്കും നല്‍കുക എന്നത്.
ആദ്യ മത്സരത്തിലെ സ്കോറിങ്ങിലൂടെ സഹല്‍ അത് തെളിയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയത് സഹലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അത് അടുത്ത മത്സരത്തില്‍ മധ്യനിരക്കും ടീമിനും കരുത്താകും. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റിനിരയില് അല്പംകൂടി പന്തെത്തിയാല്‍ ഒരുപക്ഷെ മികച്ച അറ്റിക്കിങ് കപ്പാസിറ്റിയുള്ള ടീമാകാനും അടുത്ത മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് കഴിയും. ഇന്ത്യയില്‍ ആദ്യമായി കളിക്കുന്ന വിദേശ താരങ്ങള്‍ക്കും പരിശീലകന് വുകോമനോവിച്ചും കാര്യങ്ങള്‍ പഠിച്ച് അടുത്ത മത്സരങ്ങളില്‍ മികച്ച റിസല്ട്ടുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ മത്സരത്തില്‍ അഡ്രിയാന്‍ ലൂണ ഒഴികെയുള്ള വിദേശ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഫൈനല്‍ തേഡിലേക്ക് പന്തെത്തിക്കുന്നതില്‍ ലൂണ മികച്ച സംഭാവനയാണ് നല്‍കിയിത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മറ്റുള്ള വിദേശ താരങ്ങള്‍കൂടി ഫോമിലെത്തിയാൽ ബ്ലാസ്റ്റേഴ്സിന് കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയും. മറ്റുള്ള സീസണുകളില്‍ നിന്ന് വ്യത്യസ്തമായി അമിത പ്രതീക്ഷയില്ലാത്തതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ പ്ലസ് പോയിന്റായി കണക്കാക്കാം. മത്സരത്തില്‍ താരങ്ങളുടെ ശരീര ഭാഷയില്‍ നിന്ന് അത് വ്യക്തമാവുകയും ചെയ്തിരുന്നു. പ്രതിരോധത്തിലെ വിടവുകള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷക്ക് വകയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.