തകർപ്പൻ നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സ്; ആറാം വിദേശ താരമായി ക്രൊയേഷ്യൻ ഡിഫൻഡർ ടീമിലെത്തുമെന്ന് സൂചന

ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്ക്കോവിച്ചിനെ ടീമിലെത്തിക്കാനൊരുങ്ങി ഐ എസ് എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. സീസണിലെ തങ്ങളുടെ ആറാം വിദേശ താരമായി ക്ലബ്ബ്, ലെസ്ക്കോവിച്ചിനെ ടീമിലെത്തിക്കുമെന്ന വിവരം ഫുട്ബോൾ വെബ്സൈറ്റായ ഐ എഫ് ടി ഡബ്ല്യു സിയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കരാർ കാര്യത്തിൽ താരവുമായി ബ്ലാസ്റ്റേഴ്സ് ധാരണയിലെത്തിയെന്നും ഉടൻ തന്നെ അദ്ദേഹം കരാറിൽ ഒപ്പുവെക്കുമെന്നുമാണ് സൂചന.
ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ലീഗിൽ നൂറ്റിയൻപതിലധികം മത്സരങ്ങൾ കളിച്ച് പരിചയസമ്പത്തുള്ള ലെസ്കോവിച്ച് യുവേഫ യൂറോപ്പ ലീഗിലടക്കം പന്തു തട്ടിയിട്ടുണ്ട്. 2016ൽ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഡൈനാമോ സാഗ്രബുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ച ഈ മുപ്പതുകാരൻ കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ എൻ കെ ലോക്കോമോട്ടീവക്കായാണ് കളിച്ചത്. ഈ വർഷം ജൂലൈയോടെ ഡൈനാമോ സാഗ്രബുമായുള്ള അഞ്ച് വർഷ കരാർ അവസാനിച്ച ഈ സെന്റർബാക്ക് താരം ഇപ്പോൾ ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.
സെന്റർബാക്കാണ് ഇഷ്ടപൊസിഷനെങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിപ്പിക്കാൻ കഴിയുന്ന താരമാണ് ലെസ്കോവിച്ച്. 2014 ൽ അർജന്റീന ക്കെതിരെ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം 2017 ൽ എസ്റ്റോണിയക്കെതിരെയാണ് അവസാനമായി ക്രൊയേഷ്യൻ ജേഴ്സിയണിഞ്ഞത്.
അതേ സമയം എട്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായി ബ്ലാസ്റ്റേഴ്സിലെത്തുന്ന ആറാമത്തെ വിദേശ താരം കൂടിയാവും മാർക്കോ ലെസ്ക്കോവിച്ച്. നിലവിൽ അൽവാരോ വാസ്ക്വസ്, എനസ് സിപ്പോവിച്ച്, ചെഞ്ചോ ഗിൽഷൻ, ജോർജ് പെരെയ്ര ഡയസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള വിദേശ താരങ്ങൾ.