കൊമ്പുകുലുക്കി മഞ്ഞപ്പട; ഒഡിഷയും കടന്ന് മുന്നോട്ട്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഒഡിഷ എഫ്.സിയെ തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ ആധിപത്യം ഉറപ്പിച്ചത്. തുടക്കം മുതല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്‌സ അര്‍ഹിക്കുന്ന ജയമായിരുന്നു സ്വന്തമാക്കിയത്.
ആദ്യ പത്ത് മിനുട്ടിനുള്ളില്‍ തന്നെ മൂന്നിലധികം തവണയാണ് ഒഡിഷയുടെ ഗോള്‍ മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിര ഭീതി സൃഷ്ടിച്ചത്. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് 28ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. മികച്ച നീക്കത്തിനൊടുവില്‍ പ്രതിരോധ താരം നിഷു കുമാറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്.
പരുക്കേറ്റ ക്യാപ്റ്റന്‍ ജെസ്സെലിന് പകരമായിട്ടായിരുന്നു നിഷു കുമാര്‍ ആദ്യ ഇലവനിലെത്തിയത്. ഒരു ഗോള്‍ ലീഡ് നേടിയതോടെ മത്സരത്തിന്റെ കടിഞ്ഞാണ്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കയ്യിലായി. സമനില ഗോളിനായി ഒഡിഷ പൊരുതുന്നതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും പിറന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് ഫ്ലിക്കിങ് ഹെഡറിലൂടെ മറ്റൊരു പ്രതിരോധ താരമായ ഹര്‍മന്‍ജ്യോത് ഖബ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്.
രണ്ട് ഗോള്‍ നേടിയതോടെ മത്സരത്തിലെ സമ്പൂര്‍ണ ആധിപത്യം മഞ്ഞപ്പട കൈക്കലാക്കി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം 2-0 ത്തിന് അവസാനിച്ചു. ഇതോടെ 11 മത്സരത്തില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 20 പോയിന്റായി. 16ന് മുംബൈ സിറ്റിക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.