Football in Malayalam

ടോപ് ഗിയറില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, സതേൺ ഡെർബിയിൽ ചെന്നൈയിന്‍ എഫ്.സിക്കെതിരേ മൂന്ന് ഗോളിന്റെ ജയം

Haroon Rasheed
Kerala Blasters romped to a 3-0 win over Chennaiyin FC
Kerala Blasters romped to a 3-0 win over Chennaiyin FC / Indian Super League
facebooktwitterreddit

ചെന്നൈയിന്‍ എഫ്.സിക്കെതിരേ മൂന്ന് ഗോളിന്റെ ഗംഭീര ജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. സുന്ദരമായ ഫുട്‌ബോള്‍ പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണിപ്പോള്‍. പ്രസിങ് ഗെയിമും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനിലിറങ്ങിയ എല്ലാ താരങ്ങളും ആവേറേജിലും കൂടുതല്‍ പ്രകടനമാണ് കാഴ്ച വെച്ചത്.

മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ പെരേര ഡയസിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ സര്‍വാധിപത്യം നേടി. പ്രതിരോധത്തില്‍ ലെസ്‌കോവിച്ചിനൊപ്പം താളത്തിനൊത്ത് പന്ത് തട്ടിയ യുവതാരം ഹോര്‍മിപാം ഇന്നത്തെ മത്സരത്തില്‍ എടുത്ത് പറയേണ്ട താരമാണ്. ആദ്യ ഗോള്‍ നേടിയതോടെ മധ്യനിരയില്‍ മികച്ച നീക്കവുമായി കളം നിറഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ചതായിരുന്നു സഹല്‍ നേടിയ രണ്ടാം ഗോല്‍.

രണ്ടാം ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോള്‍ ദാഹം കാണിച്ച് തുടങ്ങി. ആദ്യ പകുതിയില്‍ മധ്യനിരയും മുന്നേറ്റത്തിലും പ്രതിരോധത്തിലും ബ്ലാസ്‌റ്റേഴ്‌സിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാനാകും. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ചെന്നൈയുടെ നീക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യം അല്‍പം നഷ്ടപ്പെട്ടു. എങ്കിലും അഡ്രിയാന്‍ ലൂണയുടെ ഗോളോടെ ചെന്നൈയിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. അവാസന പതിനഞ്ചു മിനുട്ടില്‍ പ്രസിങ് ഗെയിം പുറത്തെടുത്ത് ഗോള്‍ മടക്കാനായിരുന്നു ചെന്നൈയുടെ നീക്കം.

എന്നാല്‍ ലൂണയുടെ ഗോള്‍ പിറന്നതോടെ ഈ നീക്കത്തിന് വേഗത കുറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പി.എസ് ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച സേവുകള്‍ ചെയ്യുന്നതിന് പുറമെ താരങ്ങള്‍ക്കൊപ്പം ടച്ചിങ് പാസുകള്‍ കളിച്ച് ബില്‍ഡപ് ചെയ്യാനുള്ള എല്ലാ പിന്തുണയും ഗില്‍ നല്‍കിയത് മഞ്ഞപ്പടക്ക് കരുത്തായി. ഏഴ് മത്സരത്തില്‍ നിന്ന് 12 പോയിന്റ് സ്വന്തമാക്കിയതോടെ ടോപ് ഫോറില്‍ എത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. ഞായറാഴ്ച ജംഷഡ്പുര്‍ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


facebooktwitterreddit