വിജയവഴികളിലേക്ക് തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തിയത് 2-1ന്

Kerala Blasters returned to winning ways, inflicting a 2-1 defeat on NorthEast United FC
Kerala Blasters returned to winning ways, inflicting a 2-1 defeat on NorthEast United FC / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലില്‍ ജയത്തിലേക്ക് തിരിച്ചുവന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയവഴികളിലേക്ക് തിരിച്ചെത്തിയത്. 70ആം മിനുറ്റിൽ ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും, വിജയത്തീരത്തേക്ക് തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സിനായി.

മത്സരത്തില്‍ 62ാം മിനുട്ടില്‍ പെരേര ഡയസിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ഒരു ഗോള്‍ നേടിയതോടെ കരുതലോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കരുക്കള്‍ നീക്കിയത്. എന്നാല്‍ കിട്ടിയ അവസരത്തിലെല്ലാം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കീപ്പറെ പരീക്ഷിച്ചുകൊണ്ടിരുന്നു. 70ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരം ആയുഷ് അധികാരി ചുവപ്പ് കാര്‍ഡ് കണ്ടതോടെ മഞ്ഞപ്പട പത്തുപേരായി ചുരുങ്ങി.

ഇതോടെ നോര്‍ത്ത്ഈസ്റ്റിന് ആവേശം വര്‍ധിച്ചു. പത്തുപേരായി ചുരുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ ഇറങ്ങി കളിക്കാന്‍ തുടങ്ങി. പക്ഷെ, 82ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്വസിന്റെ അത്ഭുത ഗോള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആധിപത്യം നേടി. രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് തളര്‍ന്നു.

രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ മുന്നേറ്റത്തില്‍ നിന്ന് പെരേര ഡയസിനെ പിന്‍വലിച്ച് സന്ദീപ് സിങ്ങിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രതിരോധത്തിന് ശക്തികൂട്ടി. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത്ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാമത്തെ ക്ലീന്‍ ഷീറ്റ് ജയമെന്ന മോഹം പൊലിഞ്ഞു.

13 മത്സരത്തില്‍ നിന്ന് 23 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. തുടര്‍ച്ചയായ പത്താം മത്സരത്തിലും തോല്‍വി പിണഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. ഫെബ്രുവരി പത്തിന് ജംഷഡ്പുര്‍ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.