ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവുമുയർന്ന പോയിന്റ് നില സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters returned to winning ways, inflicting a 2-1 defeat on NorthEast United FC
Kerala Blasters returned to winning ways, inflicting a 2-1 defeat on NorthEast United FC / Indian Super League
facebooktwitterreddit

ഈസ്റ്റ് ബംഗാളിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടിയതിലൂടെ ടോപ് ഫോറിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. ഈസ്റ്റ് ബംഗാളിനെതിരെയും വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കിയതോടെ ഈ സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും 26 പോയിന്റാണ് മഞ്ഞപ്പടക്കുള്ളത്.

വുകോമനോവിച്ചിന്റെ പരിശീലനമികവിനു കീഴിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പോയിന്റ് നിലയിലാണ് ഇപ്പോഴുള്ളത്. 2017/18 സീസണിൽ നേടിയ പതിനെട്ടു മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു പോയിന്റെന്ന നേട്ടമാണ് ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. എന്നാൽ ആ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

2016ൽ സ്റ്റീവ് കൊപ്പൽ പരിശീലകനായിരിക്കുമ്പോഴാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാനമായി ഐഎസ്എൽ പ്ലേ ഓഫിൽ എത്തുന്നത്. അന്നു പതിനാലു മത്സരങ്ങളിൽ നിന്നും 22 പോയിന്റ് നേടിയ മഞ്ഞപ്പട പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് ഫൈനൽ വരെ എത്തിയെങ്കിലും എടികെയോട് കീഴടങ്ങി കിരീടം നഷ്‌ടപ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയത് 2019/20ലായിരുന്നു. ആ സീസണിൽ 29 ഗോളുകൾ അവർ നേടിയെങ്കിലും 32 ഗോളുകൾ ടീം വഴങ്ങി. 36 ഗോളുകൾ വഴങ്ങിയ കഴിഞ്ഞ സീസണാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം ഈ സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട് എന്നിരിക്കെ നേടിയ ഗോളുകളുടെ എന്നതിലെ റെക്കോർഡ് മറികടക്കാൻ മഞ്ഞപ്പടക്ക് അവസരമുണ്ട്.

നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ലീഗിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം വളരെ നിർണായകമാണ്. ഇനിയുള്ള മത്സരങ്ങളിൽ പതറിയാൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ഒഡിഷക്കു വരെ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാൻ കഴിയും. അതേസമയം മികച്ച പ്രകടനം തുടർന്നാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി തന്നെ അവർക്ക് പ്ലേ ഓഫിലെത്താൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.