ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; ഐഎസ്എൽ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി കൊമ്പന്മാർ

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചതോടെയാണ് മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞത്.
42ാം മിനുട്ടില്‍ അല്‍വാരോ വാസ്‌കിസിന്റെ വോളി ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ അവസരം ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് അത് മുതലാക്കാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ 56 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചത് ഹൈദരാബാദായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് മുന്നിലായിരുന്നു ഹൈദരാബാദിന് അടി തെറ്റിയത്.
ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായ മാര്‍ക്കിങ് നടത്തിയതോടെ ഹൈദരാബാദിന്റെ മുന്നേറ്റതാരം ബര്‍തലോമിയോ ഒഗ്ബച്ചെക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹൈദരാബാദ് ഏറ്റെടുത്തു. എങ്ങനെയെങ്കിലും സമനില ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരാനായിരുന്നു ശ്രമം. എന്നാല്‍ എല്ലാ ശ്രമങ്ങളേയും ബ്ലാസ്‌റ്റേഴ്‌സ് കോട്ടക്കെട്ടി തടുക്കുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റിലെത്തിയ അഞ്ച് കിക്കുകളും ഗോള്‍ കീപ്പര്‍ ഗില്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനുട്ടില്‍ ക്യാപ്റ്റന്‍ ജെസെല്‍ പരുക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ജയത്തോടെ 10 മത്സരത്തില്‍ നിന്ന് 17 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 12ന് ഒഡിഷ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.