നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് എതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ലൈനപ്പ്

സീസണിലെ ഫോം വീണ്ടെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുകയാണ്. അവസാന മത്സരത്തില്‍ ബംഗളൂരുവിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനും ആദ്യ നാലില്‍ ആധിപത്യം ഉറപ്പിക്കാനും അടുത്ത മത്സരത്തില്‍ കൊമ്പന്മാര്ക്ക് ജയിച്ചേ തീരു എന്ന അവസ്ഥയാണ്.
കൊവിഡ് കാരണം രണ്ട് ആഴ്ചയിലധികം പരിശീലനം നടത്താതിരുന്ന ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിനെതിരെ ഇറങ്ങുന്നതിന് മുൻപ് കുറച്ച് ദിവസമേ ട്രെയിനിങ് നടത്താൻ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ നാളത്തെ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഏറെക്കുറെ ഒരുങ്ങിയിട്ടുണ്ട്. ശക്തമായ നിരയെത്തന്നെ കളത്തിലിറക്കാന്‍ കെമ്പന്മാര്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. നാളത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ആരെല്ലമുണ്ടാകുമെന്ന് പരിശോധിക്കാം.
ഗോള്‍ കീപ്പര്‍ & പ്രതിരോധ താരങ്ങള്‍
പ്രഭ്സുഖാന്‍ ഗില്‍ (ഗോള്‍കീപ്പര്‍) - ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗില്ല് തന്നെയാകും നോര്‍ത്ത്ഈസ്റ്റിനെതിരേ ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക. അവസാന മത്സരത്തില്‍ ഗോള്‍ വഴങ്ങിയെങ്കിലും മികച്ച സേവിലൂടെ ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ഗോളുകളില്‍ നിന്ന് രക്ഷിച്ചത് ഗില്ലായിരുന്നു.
നിഷു കുമാര്‍ (ലെഫ്റ്റ് ബാക്ക്) - പരുക്കേറ്റ ക്യാപ്റ്റന്‍ ജെസെലിന്റെ പൊസിഷനില്‍ കളിക്കുന്ന താരമാണ് നിഷു കുമാര്‍. ജെസലിന് പരിക്കേറ്റതിന് ശേഷം ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോളുമായി മിന്നിയ നിഷുവിനെയും നാളത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ നിരയില്‍ പ്രതീക്ഷിക്കാം.
മാര്‍കോ ലെസ്കോവിച്ച് (സെന്റര്‍ ബാക്ക്) - കളിച്ച മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്തെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമായ ലെസ്കോവിച്ചിനെ നോര്ത്ത്ഈസ്റ്റിനെതിരേയുള്ള മത്സരത്തിലും പ്രതീക്ഷിക്കാം.
റുയിവാ ഹോർമിപാം (സെന്റര്‍ ബാക്ക്) - ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ തുടക്കം മുതൽ കളിച്ച താരം, നോർത്ത്ഈസ്റ്റിന് എതിരെയും ആദ്യ ഇലവനിലെ തന്റെ സ്ഥാനം നിലനിറുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹര്‍മന്‍ജോത് ഖബ്ര (റൈറ്റ് ബാക്ക്) - എതിര് മുന്നേറ്റത്തിന്റെ മുനയൊടിക്കാനും എതിര് ഗോള്‍മുഖത്ത് ഭീതി സൃഷ്ടിക്കാനും കഴിവുള്ള ഖബ്രയെ നോര്ത്ത്ഈസ്റ്റിനെതിരേയുള്ള മത്സരത്തില്‍ ടീമില്‍ പ്രതീക്ഷിക്കാം.
മധ്യനിര താരങ്ങള്‍
സഹല്‍ അബ്ദുല്‍ സമദ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന സഹലിനെയും നോര്ത്ത്ഈസ്റ്റിനെതിരേയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. അവസാനമായി നടന്ന മൂന്ന് മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിക്കാത്ത സഹലിന് ഗോളുകള്‍ കണ്ടെത്തേണ്ടതുണ്ട്.
അഡ്രിയാന്‍ ലൂണ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ലൂണയും നാളെ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും.
ജീക്ക്സണ് സിങ് (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍) - മധ്യനിരയില്‍ കൊമ്പന്മാരുടെ കടിഞ്ഞാണേന്തുന്ന താരമായ ജീക്ക്സണ് നോര്‍ത്ത്ഈസ്റ്റ് താരങ്ങളെ എതിരിടാന്‍ കൊമ്പന്മാര്ക്കൊപ്പമുണ്ടാകും.
ആയുഷ് അധികാരി (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍) - നാല് യെല്ലോ കാർഡുകൾ ലഭിച്ചത് മൂലം നോർത്ത്ഈസ്റ്റിന് എതിരെയുള്ള മത്സരം സസ്പെൻഷനിലൂടെ നഷ്ടപ്പെടുന്ന പ്യൂട്ടിയക്ക് പകരം ആദ്യ ഇലവനിൽ ആയുഷിനെ ഉൾപ്പെടുത്തിയേക്കും.
മുന്നേറ്റനിര താരങ്ങൾ
ജോര്‍ജ് പെരേര ഡയസ് (സ്ട്രൈക്കര്‍) - ഗോള്‍ ദാഹിയായ പെരേര ഡയസ് ഫിറ്റ്നസ് വീണ്ടെടുത്ത് നാളത്തെ മത്സരത്തില്‍ ടീമിന്റെ മുന്നേറ്റത്തിലുണ്ടാകും.
അല്‍വാരോ വാസ്ക്വസ് (സ്ട്രൈക്കര്‍) - നോര്‍ത്ത്ഈസ്റ്റ് വലയില്‍ പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ വാസ്ക്വസുമുണ്ടാകും. ബംഗളുവിനെതിരെ താരം കളത്തിലുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.