മലയാളനാടിന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്നലെ ഗോവയിലെ തിലക് മൈതാനിയിലെ പുല്‍മൈതാനിയില്‍ ഇറ്റിവീണ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വിയര്‍പ്പിനിപ്പോള്‍ മലയാളനാടിന്റെ ഗന്ധമുണ്ട്. അത്രമേല്‍ അധ്വാനിച്ചായിരുന്നു ഓരോ ബ്ലാസ്‌റ്റേഴ്‌സ് താരവും ഇന്നലെ ഗോവയെ നേരിട്ടത്. കളത്തില്‍ 100 ശതമാനം സമര്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങിയ വിദേശ താരങ്ങള്‍ പോലും സ്വന്തം നാടിന് വേണ്ടിയാണ് കളിക്കുന്നതെന്ന തോന്നലുണ്ടാക്കി. അതു തന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയവും. മധ്യനിരയിലും മുന്നേറ്റത്തിലും ഹൈ പ്രഷര്‍ കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് ആദ്യ 20 മിനുട്ടുനുള്ളില്‍ തന്നെ ഗോള്‍ കണ്ടെത്തി. ജീക്ക്‌സന്റെയും അഡ്രിയാന്‍ ലൂണയുടെയും സൂപ്പര്‍ ഗോളുകള്‍ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍മാന്‍ പവര്‍ നല്‍കി.
പന്ത് കൈവിട്ട അവസരത്തിലെല്ലാം ഗോവന്‍ താരങ്ങളെ സമ്മര്‍ദത്തിലാക്കി പന്ത് കൈക്കലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചുകൊണ്ടിരുന്നു. ഗോവയുടെ രണ്ട് മറുപടി ഗോളുകള്‍ വന്നെങ്കിലും അത് ബ്ലാസ്‌റ്റേഴ്‌സിന്റെ ശോഭ കെടുത്തിയില്ല എന്ന് വേണം കരുതാന്‍. സീസണില്‍ ഒരു ജയം ആഗ്രഹിക്കുന്ന ഗോവ സര്‍വ ശക്തിയുമെടുത്ത് കളിച്ചത് കൊണ്ടായിരുന്നു രണ്ട് ഗോള്‍ തിരിച്ചടിച്ചത്. ഓര്‍ടിസിന്റെ ആദ്യ ഗോള്‍ അദ്ദേഹത്തിന്റെ ടാലന്റില്‍ നിന്ന് മാത്രം പിറന്ന ഫീല്‍ഡ് ഗോളായിരുന്നു.
സീറോ ആംഗിളില്‍ നിന്ന് പിറന്ന ഗോവയുടെ ഗോളിന് അവരുടെ ഭാഗ്യമെന്ന് മാത്രമേ പറയാന്‍ കഴിയൂ. രണ്ടാം പകുതിയില്‍ ജയം കൊതിച്ച ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മത്സരത്തിന്റെ ആധിപത്യം ഗോവ തട്ടിയെടുത്തെങ്കിലും മഞ്ഞപ്പട മധ്യനിരയില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു. കൊമ്പന്‍മാര്‍ക്ക് വേണ്ടി കളത്തിലിറങ്ങിയ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരുക്കിന്റെ പിടിയിലായിരുന്ന സിപോവിച്ചും വിന്‍സി ബാരറ്റോയും കളത്തിലേക്ക് തിരിച്ചുവന്നത് അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്യും. ഹൈദരാബാദ് എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.