Football in Malayalam

ടോപ് ഗിയറില്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ഒഡിഷക്കെതിരെ പുറത്തെടുത്തത് പ്രതീക്ഷ നൽകുന്ന പ്രകടനം

Haroon Rasheed
Kerala Blasters bagged all three points against Odisha FC
Kerala Blasters bagged all three points against Odisha FC / Indian Super League
facebooktwitterreddit

സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതു ഊര്‍ജം കൈവന്നിരിക്കുകയാണ്. തുടക്കത്തില്‍ മുടന്തിയിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനി ഓടാനുള്ള ഊര്‍ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയത് കൊണ്ടായിരുന്നു മഞ്ഞപ്പട ഐഎസ്എൽ സീസൺ എട്ടിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്.

ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ഒഡിഷ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ മത്സരത്തിന്റെ സന്ദേശം വ്യക്തമാക്കി. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ എണ്ണയിട്ട എന്ത്രം പോലെ പ്രവര്‍ത്തിച്ചതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിലെ നിര്‍ണായക ഘടകം. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളിലേക്കും ലൂണയുടെ റോയല്‍ ടച്ചായിരുന്നു തുണയായത്. 62ാം മിനുട്ടില്‍ വാസ്‌ക്വിസ് നേടിയ ഗോളിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചത് ലൂണയായിരുന്നു.

Adrian Luna of Kerala Blasters
Adrian Luna was impressive for Kerala Blasters / Indian Super League

85ആം മിനുട്ടിലെ പ്രശാന്തിന്റെ ഗോളിന്റെ പിറകിലും ലൂണയുടെ വിയര്‍പ്പുണ്ടായിരുന്നു. ഫൈനല്‍ തേഡിലേക്ക് കാര്യമായി പന്ത് എത്തിയില്ലെങ്കിലും എത്തിയ പന്തുകളിലെല്ലാം ഒഡിഷയെ പ്രതിരോധത്തിലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. എട്ടു ഷോട്ടുകള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ അഞ്ചെണ്ണം ഷോട്ടോണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ആദ്യ മൂന്ന് മത്സരത്തില്‍ നിന്ന് ഒന്നുകൂടി ഒത്തിണക്കം കാണിക്കുന്ന ടീമിനെയായിരുന്നു ഇന്ന് കണ്ടത്. തന്റെ 50ാം മത്സരത്തില്‍ പ്രശാന്ത് ഗോള്‍ നേടിയത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

K Prasanth of Kerala Blasters
Prasanth scored Kerala Blasters' second on the night / Indian Super League

ഗോള്‍ നേടിയ ശേഷം പിന്നീടുള്ള നീക്കങ്ങളില്‍ പ്രശാന്തിന്റെ മുഖഭാവം അദ്ദേഹത്തിന്റെ വര്‍ധിത ആത്മവിശ്വാസത്തെ തുറന്ന് കാട്ടിയിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ ലഭിച്ച മൂന്ന് പോയിന്റ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടുള്ള യാത്രയില്‍ കരുത്താകും. പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങിയ ചെഞ്ചോയും ഒഡിഷ ഗോള്‍മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. പ്രതിരോധത്തില്‍ കാര്യമായ പാളിച്ചകളില്ലാത്തത് ടീമിന്റെ ഒത്തിണക്കത്തെ സൂചിപ്പിക്കുന്നു. ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനെ അടുത്ത മത്സരത്തിൽ നേരിടുമ്പോള്‍ ഒഡിഷക്കെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സിന് കരുത്ത് പകരും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit