Football in Malayalam

ആദ്യ വിജയം തേടി നാലാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ മികച്ച ഫോമിലുള്ള ഒഡിഷ

Haroon Rasheed
Kerala Blasters are yet to claim a victory in the ISL Season 8
Kerala Blasters are yet to claim a victory in the ISL Season 8 / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലിന്റെ എട്ടാം സീസണില്‍ ആദ്യ ജയംതേടിയിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ ഇന്ന് ഡു ഓര്‍ ഡൈ നയമാണുള്ളത്. സീസണില്‍ മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കിയിട്ടില്ല. ആദ്യ മത്സരത്തില്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ ബ്ലാസ്റ്റേഴ്‌സിനെ ബാധിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ ഫൈനല്‍ തേഡിലെ പ്രശ്‌നങ്ങളായിരുന്നു ടീമിന് വിനയായത്.

ഒഡിഷ എഫ്.സിക്കെതിരേ ഇന്നത്തെ മത്സരത്തില്‍ ടീമിന്റെ പാളിച്ചകളെല്ലാം അടച്ച് മുന്നോട്ട് നീങ്ങിയാൽ മാത്രമേ മഞ്ഞപ്പടക്ക് രക്ഷയുള്ളു. സീസണിലെ ആദ്യ ജയത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആരാധകര്‍ക്കും ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ജയം നിര്‍ബന്ധമായ അവസ്ഥയാണ്. ഇനിയും ജയം സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്‌ നിരക്ക് കഴിഞ്ഞെങ്കില്‍ തുര്‍ന്നുള്ള മത്സരങ്ങളില്‍ താരങ്ങളേയും അധികൃതരെയും കൂടുതല്‍ സമ്മര്‍ദങ്ങളിലേക്ക് അത് തള്ളിവിടും.

ഭൂട്ടാന്‍ താരം ചെഞ്ചോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ മധ്യനിരയില്‍ കൂടുതല്‍ അക്രമണ വാസനയുള്ള ടീമാകാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയും. പ്രതിരോധത്തില്‍ ശക്തി കൂട്ടുന്നത് ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗുണംചെയ്യും. കാരണം ലീഗില്‍ കളിച്ച രണ്ട് മത്സരത്തില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടിയ ഒഡിഷ എഫ്.സിക്കെതിരെയാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ബംഗളുരു എഫ്.സിയെ 3-1ന് തുരത്തിയപ്പോള്‍, രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ വലയിലായിരുന്നു ഒഡിഷ ഗോള്‍മഴ പെയ്യിച്ചത്.

അർദ്ധാവസരങ്ങൾ പോലും മുതലാക്കാന്‍ കഴിവുള്ള ഒഡിഷയുടെ അരിഡായ് കബ്രേറയുടെ നീക്കങ്ങളെ മധ്യനിരയില്‍ നിന്ന് തന്നെ നിഷ്പ്രഭമാക്കിയാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് അധികം വിയര്‍പ്പൊഴുക്കേണ്ടിവരില്ല. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ മാര്‍ജിനില്‍ ജയിച്ച ഒഡിഷയെ തടുക്കുക ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അല്‍പം കടുത്ത ജോലിയായിരിക്കും. ഗോള്‍ വലക്ക് താഴെ ആല്‍ബിനോ ഗോമസ് അല്‍പംകൂടി ജാഗ്രതയോടെ നില്‍ക്കുകയാണെങ്കില്‍ ഒഡിഷ എഫ്.സിക്കെതിരെ ജയവുമായി ഇന്ന് മൈതാനം വിടാന്‍ കൊമ്പന്മാർക്ക് കഴിയും.

മധ്യനിരയില്‍ അവസരം നല്‍കിയാല്‍ ഒരുപക്ഷെ സഹല്‍ അബ്ദുല്‍ സമദിന് ഒന്നുകൂടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. വിങ്ങറുടെ റോളില്‍ ഓടിക്കളിക്കുന്നതിനേക്കാള്‍ സഹലിന് നല്ലത് ക്രിയേറ്റീവ് നീക്കങ്ങള്‍ നടത്താന്‍ കഴിയുന്ന മധ്യനിരയാണെന്ന് തോന്നുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ വിങ്ങറുടെ റോളില്‍ കളിച്ച സഹല്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത്. അനാവശ്യമായി പന്ത് കൈവശം വെക്കുന്നത് ജീക്ക്‌സണ്‍ സിങ് ഒഴിവാക്കുകയും ഇടത് വിങ്ങില്‍ മറ്റൊരു താരത്തെ കൊണ്ടുവരുകയും ചെയ്താല്‍ ഇന്നത്തെ മത്സരം ബ്ലാസ്‌റ്റേഴ്‌സിന്റേതായി മാറുമെന്നതില്‍ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit