Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌പോൺസറായി ബൈജൂസ്‌ തുടരും, ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ടൈറ്റിൽ സ്പോൺസർമാരായി ബൈജൂസ്‌ തുടരും. ഐഎസ്എൽ 2021-22 സീസൺ നവംബറിൽ ആരംഭിക്കാനിരിക്കെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്ടെക്ക് കമ്പനിയായ ബൈജൂസ്‌ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള തങ്ങളുടെ കരാർ വീണ്ടും ഒപ്പിട്ടത്. ഇക്കാര്യം ക്ലബ് തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസർമാരായിരുന്നു ബൈജൂസ്‌. വീണ്ടും കരാർ ഒപ്പിട്ടതോടെ മത്സരങ്ങൾക്കടക്കം കേരള ബ്ലാസ്റ്റേഴ്‌സ് ടീം അണിയുന്ന ജേഴ്‌സിയുടെ മുന്നിൽ അവരുടെ പേരുമുണ്ടാകും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും ബൈജൂസ്‌ തന്നെയാണ് സ്പോൺസർ ചെയ്യുന്നത്.

മറ്റൊരു വർഷത്തേക്ക് കൂടി ബൈജൂസുമായി കരാർ ഒപ്പിടുന്നതിൽ സന്തോഷമുണ്ടെന്നും ഫുട്ബോളും ജീവിതവുമെന്ന പോലെ പഠനവും എല്ലായിപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയ ആണെന്നും അതു മനസിലാക്കാൻ കഴിയുന്ന ഒരു പങ്കാളിയുമായി ഈ യാത്ര തുടരാനായതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്റ്ററായ നിഖിൽ ഭരദ്വാജ് പറഞ്ഞു.

അതേസമയം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പേർ പിന്തുടരുന്ന ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ബൈജൂസ്‌ ഇതേക്കുറിച്ചു പ്രതികരിച്ചത്. കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് ആരാധകർക്ക് തങ്ങളുടെ ക്ലബിനു വേണ്ടി ആർത്തു വിളിക്കാൻ കഴിയട്ടെയെന്ന് അവർ ആശംസിക്കുകയും ചെയ്‌തു.

ഐഎസ്എൽ 2021-22 സീസൺ നവംബർ 19 മുതൽ ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിൽ വെച്ചാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ തന്നെ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനെ നേരിടും.


facebooktwitterreddit