ഐഎസ്എൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലിന്റെ രണ്ടാം പാദ മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിയെ നേരിടാനിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിന് ലീഡ് നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. അതിനാല്‍ സര്‍വ്വ ശക്തിയുമെടുത്ത് ജംഷഡ്പുരിനെ പ്രതിരോധിക്കുന്നതോടൊപ്പം പഴുത് ലഭിക്കുമ്പോഴെല്ലാം എതിര് ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിക്കാനും താരങ്ങള്‍ക്ക് കഴിയണം.
ആദ്യ മത്സരത്തില്‍ പരിശീലകന് ഇവാൻ വുകമനോവിച്ച് പരീക്ഷിച്ച അതേ നീക്കങ്ങൾ രണ്ടാം മത്സരത്തിലും നടപ്പാക്കിയാൽ അനായാസം ജയം സ്വന്തമാക്കാം. ഒരു ഗോളിന്റെ ലീഡ് കയ്യിലുള്ള സ്ഥിതിക്ക് പ്രതിരോധിച്ച് നില്ക്കുക എന്നത് തന്നെയാണ് ആദ്യത്തെ പോം വഴി. ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ ശ്രമവും ജംഷഡ്പുര്‍ എഫ്.സിയും നടത്തും. എന്നാൽ, പൂർണമായും പ്രതിലോധത്തിലൂന്നി കളിക്കുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്സ് അവലംബിക്കുന്നതെങ്കിൽ അത് തിരിച്ചടിക്കാൻ സാധ്യതയുണ്ട്.
കയ്യിലുള്ള ലീഡ് വഴങ്ങാതിരിക്കാൻ ശക്തമായി പ്രതിരോധിക്കുകയും, എന്നാൽ ഈ സമയത്ത് വീണ് കിട്ടുന്ന അവസരങ്ങള്‍ മുതലാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. ഒരുപക്ഷെ രണ്ടാം പാദത്തിന്റെ ആദ്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടി നേടി ലീഡിന്റെ ശക്തികൂട്ടിയാല്‍ കൊമ്പന്മാർക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാകും.
ഗോൾവലക്ക് താഴെ ഗില്ലും, പ്രതിരോധനിരയിൽ ഖബ്രയും ലെസ്കോവിച്ചും ഹോർമിപാമും തുടർന്നേക്കും. ലെഫ്റ്റ്-ബാക്കിൽ സഞ്ജീവ് സ്റ്റാലിന് പകരം നിഷു കുമാറിനെയോ സന്ദീപ് സിങിനെയോ ഇറക്കാൻ സാധ്യതയുണ്ട്. മധ്യനിരയിൽ പ്യൂട്ടിയ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൽ സമദ് എന്നിവരുടെ സാന്നിധ്യവും ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോം പുറത്തെടുത്ത ആയുഷ് അധികാരിയെ ആദ്യ ഇലവനിൽ നിലനിറുത്തുമോ, അതോ ജീക്സൺ സിങിന് അവസരം നൽകുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. മുന്നേറ്റനിരയിൽ അൽവാരോ വാസ്ക്വസും ജോർജ് പെരേര ഡയസും തന്നെയാകും.
ആദ്യ പാദത്തില്‍ ആകെ ആറു ഷോട്ടുകള്‍ മാത്രമേ ജംഷഡ്പൂർ എഫ്.സിക്ക് തൊടുക്കാന്‍ കഴിഞ്ഞുള്ളു. ആദ്യത്തെ മത്സരത്തില്‍ അത്രമേല്‍ കൃത്യതയോടെയാണ് പ്രതിരോധ താരങ്ങള്‍ പദ്ധതി നടപ്പിലാക്കിയത്. രണ്ടാം പാദത്തിലും വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ വിജയങ്ങൾ കണ്ടാൽ ഐഎസ്എൽ ചരിത്രത്തിലെ തങ്ങളുടെ മൂന്നാം ഫൈനലിന് ഇറങ്ങാൻ ബ്ലാസ്റ്റേഴ്സിനാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.