ഒത്തൊരുമയോടെ പ്രതിരോധിച്ച്, പൊരുതി നേടിയത് ഫൈനലിലേക്കുള്ള ഈ ടിക്കറ്റ്

ഐ.എസ്.എല്ലിന്റെ രണ്ടാം പാദ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുണയായത് ഏറ്റവും മികച്ച പ്രതിരോധം പുറത്തെടുത്തു എന്നത് തന്നെയാണ്. മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ, ആദ്യ പാദത്തിൽ നേടിയ 1-0ന് വിജയിച്ചതിന്റെ ബലത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.
രണ്ടാം പാദത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മത്സരം അല്‍പം കടുത്തതാകുമെന്ന് തോന്നിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന, ആദ്യ പാദത്തില്‍ ഗോള്‍ നേടിയ സഹല്‍ അബ്ദുല്‍ സമദ് പുറത്ത്. കൂടാതെ ഗില്‍ഷന്‍ ചെഞ്ചോയും ലൈനപ്പിലില്ല.
എങ്കിലും മത്സരത്തിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുരിന് ഭീഷണി ഉയരപര്‍ത്തിക്കൊണ്ടിരുന്നു. ആദ്യ പാദത്തിലെ വിജയത്തിന്റെ ആത്മവിശ്വാസം തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ കളിയിൽ പ്രതിഫലിച്ചിരുന്നു. പാഴാക്കിയ ചില സുവർണാവസരങ്ങൾക്ക് ശേഷം 18ആം മിനുറ്റിൽ അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടുകയും ചെയ്‌തു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ജംഷഡ്പുര്‍ എഫ്.സിയുടെ സമനില ഗോള്‍ പിറന്നത്. മത്സരത്തിന്റെ 50ആം മിനുറ്റിൽ പ്രണോയ് ഹാൽഡറാണ് ഗോൾ കണ്ടെത്തിയത്.
ഇതോടെ മഞ്ഞപ്പടക്ക് പ്രതിരോധിച്ച് നില്‍ക്കല്‍ അനിവാര്യമായി. ഇടിച്ചുകുത്തി വന്നുകൊണ്ടിരുന്ന ജംഷഡ്പുര്‍ മുന്നേറ്റത്തെ പിടിച്ചുകെട്ടുന്നതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ നാല് താരങ്ങള്‍ക്കാണ് മഞ്ഞക്കാര്‍ഡ് കാണേണ്ടിവന്നത്. മത്സരം സമനിലയിലായതോടെ ആയുഷ് അധികാരിയെ പിന്‍വലിച്ച് ജീക്ക്‌സണെ കളത്തിലിറക്കി.
ഒപ്പം നിഷുകാമാറിനെ പിന്‍വലിച്ച് രാഹുല്‍ കെ.പിയെയും കളത്തിലിറക്കി. മത്സരം പുരോഗമിക്കുന്നിതിനിടെ പരിശീലകന്‍ വുകമനോവിച്ചിന് നല്‍കാന്‍ ഒരു നിര്‍ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. മാക്‌സിമം പിടിച്ചുനില്‍ക്കുക എന്നത്. ഒടുവില്‍ 91ാം മിനുട്ടില്‍ അല്‍വാരോ വാസ്ക്വസിനെ പിന്‍വലിച്ച് വിന്‍സി ബരറ്റോയെയും വുകമനോവിച്ച് കളത്തിലിറക്കി.
നോർമൽ ടൈമിലും, അതിന് ശേഷമുള്ള ഇഞ്ചുറി ടൈമിലും ബ്ലാസ്റ്റേഴ്‌സ് നിര മനസ്സാനിധ്യം നഷ്ടപ്പെടാതെ ജംഷഡ്പുരിന്റെ എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിച്ച് ഫൈനലിലേക്ക് യോഗ്യത നേടി. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ജംഷഡ്പുരിനായിരുന്നു മത്സരത്തിലെ ആധിപത്യമെങ്കിലും അവസാന ഫലം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നു.
പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഓരോ താരങ്ങളും മികച്ച പ്രകടനമായിരുന്നു. പ്രതിരോധനിരയുടെ കപ്പിത്താനായി ലെസ്‌കോവിച്ചും, ഹർമൻജോത് ഖബ്രയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹോർമിപാമും, സന്ദീപ് സിങ്ങും, നിഷു കുമാറും, ജംഷഡ്പൂർ മുന്നേറ്റനിരയുടെ മുനയൊടിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്‌തു.
ഒരു ജംഷഡ്പൂർ മുന്നേറ്റത്തെ തടയാൻ അൽവാരോ വാസ്ക്വസ് പിന്നോട്ട് ഇറങ്ങി സഹായിച്ചത് മനോഹരകാഴ്ചയായിരുന്നു. വാസ്ക്വസ് മാത്രമല്ല, മധ്യനിരയിലെയും മുന്നേറ്റനിരയിലെയും ഒരു താരങ്ങളും തങ്ങളുടേതായ സംഭാവന പ്രതിരോധനിരക്ക് നൽകിയാണ് ഒരു ഗോളിനായി കൈയും മെയ്യും മറന്ന് പരിശ്രമിച്ച് ജംഷഡ്പൂരിനെ തടുത്തു നിറുത്തിയത്. ഒത്തൊരുമയോടെ, ഒന്നായി നിന്ന് ബ്ലാസ്റ്റേഴ്‌സ് പൊരുതി നേടിയതാണ് ഫൈനലിലേക്കുള്ള തങ്ങളുടെ ടിക്കറ്റ്. മാർച്ച് 20ന് നടക്കുന്ന കലാശപ്പോരിൽ എതിരാളികളെ വീഴ്ത്തി ഐഎസ്എൽ ആരംഭിച്ചത് മുതൽ ആരാധകർ കാത്തിരിക്കുന്ന ആ നിമിഷം സാക്ഷാത്കരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇനി ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.