Football in Malayalam

ഇതാണ് ആരാധകര്‍ അര്‍ഹിക്കുന്ന ടീം; യഥാർത്ഥ കൊമ്പന്മാരായി കേരളാ ബ്ലാസ്റ്റേഴ്‌സ്

Haroon Rasheed
Kerala Blasters are unbeaten in six games
Kerala Blasters are unbeaten in six games / Indian Super League
facebooktwitterreddit

എല്ലാതിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് പറയുന്ന പോലെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രകടനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും യഥാര്‍ത്ത കൊമ്പന്‍മാരായി അവതരിച്ചിരിക്കുന്നു. ചെന്നൈയിനെതിരേയുള്ള മത്സരത്തില്‍ ടോട്ടല്‍ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാന്‍ കഴിഞ്ഞത്. ഏറെ കാലമായി മോശം പ്രകടനത്തിലൂടെ കടന്ന് പോയിരുന്ന മഞ്ഞപ്പടക്ക് ജീവന്‍ വെച്ച പ്രകടനമായിരുന്നു അവസാന രണ്ട് മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്.

പണി അറിയുന്ന പരിശീലകനും കളിക്കാന്‍ അറിയാവുന്ന ഒരു കൂട്ടം താരങ്ങളും ചേര്‍ന്നതോടെയാണ് ഇന്നലെ കണ്ട ബ്ലാസ്‌റ്റേഴ്‌സ് പിറവിയെടുത്തത്. ഒപ്പം അല്‍പം ഭാഗ്യം കൂടി ചേര്‍ന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പഴയ പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സീസണില്‍ ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കാനായി. ടീം ഒത്തിണക്കം കാണിച്ചു എന്നത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് കൈവരിച്ച ഏറ്റവും വലിയ നേട്ടം. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറിയതോടെ ആത്മവിശ്വാസം വര്‍ധിച്ചതും ബ്ലാസ്‌റ്റേഴ്‌സിന്റെ തേരോട്ടത്തിന്റെ പ്രധാന കാരണാണ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് പ്രധാന കാരണം.

എന്‍ഡ് ടു എന്‍ഡ് കളി പുറത്തെടുത്തത് മൈതാനത്തിലുടനീളം പറന്ന് നടന്ന് കളിക്കുന്ന ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എന്‍ജിന്‍ എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഇവാന്‍ വുകമനോവിച്ചിന് സ്ഥിരതയുള്ളൊരു ആദ്യ ഇലവന്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിക്ക് വലിയൊരു മുതല്‍കൂട്ടാണ്. മുന്‍ സീസണുകളിലേത് പോലെ പരുക്ക് വേട്ടയാടാത്തതും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ അനുഗ്രഹമാണ്.

പ്രസിങ് ഗെയിം കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയില്‍ പെരേര ഡയസിനൊപ്പം അല്‍വാരോ വാസ്‌ക്‌സിനും കോമ്പിനേഷന്‍ കണ്ടെത്തിയത് ഫൈനല്‍ തേഡില്‍ ഒത്തിണക്കം കാണിക്കുന്നു. മധ്യനിരയില്‍ നിന്ന് കൂടുതല്‍ പന്തുകള്‍ ഫൈനല്‍ തേഡിലെത്തിയതോടെ ഹൈ പ്രസിങ് ഫുട്‌ബോളായിരുന്നു മഞ്ഞപ്പടയില്‍നിന്ന് നാം കണ്ടത്. മധ്യനിരയില്‍ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ജീക്ക്‌സണ്‍ സിങ്ങ് ഓരോ മത്സരം കഴിയുംതോറും ത്രസിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്ത്യന്‍ താരങ്ങളായ പുട്ടിയ, ഹോര്‍മിപോം എന്നിവരും ലവലേശം ശങ്കയില്ലാതെയാണ് ഓരോ നീക്കങ്ങളും നടത്തുന്നത്. മിഡ്ഫീല്‍ഡില്‍ സഹല്‍ കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതോടെ റിസല്‍ട്ടും കണ്ട് തുടങ്ങി. സീസണില്‍ ഏഴ് മത്സരത്തില്‍ നിന്നായി ടീമിന്റെ പ്രധാന മൂന്ന് ഗോളുകളും സഹലിന്റെ വകയായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങല്‍ തോറ്റാലും നിലവിലുള്ള ആത്മവിശ്വാസം കൈവിടാതെ പൊരുതിയാല്‍ തീര്‍ച്ചയായും ഇത്തവണ ഗോവയില്‍ മഞ്ഞപ്പടക്ക് അത്ഭുതങ്ങൾ കാണിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit