രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഐഎസ്എൽ കിരീടം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്, എതിരാളികൾ ഹൈദരാബാദ്

ഐ.എസ്.എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടാനിരിക്കുകയാണ്. ഫൈനലില്‍ കിരീടം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മഞ്ഞപ്പട. സീസണില്‍ ഇരുടീമുകളും ഇതിന് മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയമായിരുന്നു ബ്ലാസ്റ്റേഴ്സും ഹൈദരാബാദും സ്വന്തമാക്കിയത്.
സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദാരാബാദിനെ തുരത്തിയ ബ്ലാസ്റ്റേഴ്സിന് ഫൈനലിലും അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും കൊമ്പന്മാര്ക്ക് കപ്പുമായി കേരളത്തിലേക്ക് മടങ്ങാം. നിലവിലെ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളൊന്നും ഹൈദരാബാദ് നിരയിലില്ല. മുന്നേറ്റത്തില്‍ ഒഗ്ബച്ചെയെ പൂട്ടുക എന്നത് കൃത്യമായി നടപ്പാക്കിയാല്‍ ജയം അനായാസം സ്വന്തമാക്കാം.
അര്‍ധാവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിയുന്ന ഒഗ്ബച്ചെ മത്സരത്തിനിടയില്‍ ഫ്രീ കിക്കും ഫൗളും വാങ്ങിച്ചെടുക്കാനും മിടുക്കനാണ്. അതിനാല്‍ അനാവശ്യ ഫൗളിന് മുതിരാതെ കളിച്ചാല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് രക്ഷപ്പെടാന്‍ സാധിക്കും.
മുന്നേറ്റത്തില്‍ ജോർജ് പെരേര ഡയസും അൽവാരോ വാസ്ക്വസും പതിവ് പ്രകടനം പുറത്തെടുത്താൽ ഹൈദരാബാദ് പ്രതിരോധനിരക്ക് പിടിപ്പത് പണിയാകും. മധ്യനിരയിൽ അഡ്രിയാൻ ലൂണ, സഹൽ അബ്ദുൽ സമദ് എന്നിവർ ഫൈനൽ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഇരു താരങ്ങൾക്കും ഫൈനൽ പോരാട്ടത്തിൽ കളത്തിലിറങ്ങാൻ കഴിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് തിരിച്ചടിയാവും.
എങ്കിലും, ആദ്യ പതിനൊന്നിൽ ഇടം നേടുന്ന പതിനൊന്ന് താരങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താൽ ഹൈദരാബാദിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സിനാകും.
ഒത്തിണക്കത്തോടെ കളിച്ചാല്‍ രണ്ട് തവണ നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ഐ.എസ്.എല്‍ കിരീടം ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഷെല്‍ഫിലെത്തുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.