Football in Malayalam

മുൻ താരം പരാതി നൽകി, കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ ട്രാൻസ്‌ഫർ വിലക്ക്

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

പുതിയ സീസണു തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി ഫിഫയുടെ ട്രാൻസ്‌ഫർ വിലക്ക്. ശമ്പളം മുഴുവനായി നൽകിയില്ലെന്നതിനെ തുടർന്ന് മുൻ താരമായ മാറ്റെയ് പോപ്ലാറ്റിനിക് നൽകിയ പരാതിയിന്മേലുള്ള നടപടിയായാണ് ഫിഫ കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്‌ഫർ വിലക്കു നൽകിയിരിക്കുന്നത്. അടുത്ത സീസണിലേക്കു വേണ്ടി സെർബിയൻ പരിശീലകനായ ഇവാൻ വുകോമാനോവിച്ചിനെ സ്വന്തമാക്കാനിരിക്കെയാണ് ഫിഫയുടെ നടപടി.

ജൂൺ 1നു നടന്ന ഫിഫ പ്ലേയർ സ്റ്റാറ്റസ് കമ്മിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന് വിലക്കു നൽകാനുള്ള തീരുമാനമെടുത്തത്. ഇന്നലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം അറിയിച്ച് ക്ലബിന് കത്തയക്കുകയും ചെയ്‌തു. വിലക്കു നിലനിൽക്കുന്ന സമയത്ത് പുതിയ താരങ്ങളെ വാങ്ങാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ല. എന്നാൽ പോപ്ലാറ്റിനികിനു നൽകാൻ ബാക്കിയുള്ള വേതനം കൊടുത്തു തീർത്ത് ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചാൽ ട്രാൻസ്‌ഫർ വിലക്ക് നീങ്ങും.

തങ്ങളുടെ കരാർ പ്രകാരമുള്ള വേതനം ക്ലബുകൾ നൽകിയില്ലെങ്കിൽ താരങ്ങൾക്ക് ഫിഫയുടെ സഹായം തേടാവുന്നതാണ്. വിഷയത്തിൽ ഫിഫ ഇടപെടുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ജോണി അക്കോസ്റ്റയുടെ പരാതിയിൽ ഈസ്റ്റ് ബംഗാളിനും സമാനമായ വിലക്ക് ഫിഫ നൽകിയിട്ടുണ്ട്. അതേസമയം ജൂൺ 9നു ട്രാൻസ്‌ഫർ ജാലകം തുറക്കാനിരിക്കെ വിലക്കു നീക്കാനുള്ള നടപടികൾ കേരള ബ്ലാസ്‌റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു സീസൺ കളിക്കുകയും അതിനു ശേഷം ഹങ്കേറിയൻ ക്ലബായ കപോസ്വ്റി റാക്കോസിയിലേക്ക് ലോണിൽ പോവുകയും ചെയ്‌ത താരമായ പോപ്ലാറ്റിനിക് അതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിടാനാണ് തീരുമാനമെടുത്തത്. നിലവിൽ സ്‌കോട്ടിഷ് ടോപ് ഡിവിഷൻ ക്ലബായ ലിവിങ്സ്റ്റൺ എഫ്‌സിയുടെ താരമാണ് പോപ്ലാറ്റിനിക്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit