കേരള ബ്ലാസ്റ്റേഴ്‌സ് - എ.ടി.കെ മോഹൻ ബഗാൻ മത്സരം മാറ്റിവെച്ചു

കോവിഡിനെ തുടര്‍ന്ന് ഐ.എസ്.എല്ലില്‍ മത്സരങ്ങള്‍ മാറ്റിവെക്കുന്നത് തുടരുന്നു. നാളെ നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരമാണ് കോവിഡ് കാരണം മാറ്റിവെച്ചത്. ഐ.എസ്.എല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാന്‍ തീരുമാനമായത്.
കോവിഡ് കാരണം മുംബൈ സിറ്റിക്കെതിരേയുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരവും നേരത്തെ മാറ്റിവെച്ചിരുന്നു. അഞ്ചു ദിവസത്തോളമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് വ്യക്തമാക്കിയിരുന്നു. ഇതും മത്സരം നീട്ടിവെക്കാന്‍ കാരണമായിട്ടുണ്ട്.
എ.ടി.കെ മോഹന്‍ ബഗാനും ഒഡിഷ എഫ്.സിയും തമ്മിലുള്ള മാറ്റിവെച്ച മത്സരം ഞായറാഴ്ച ഫറ്റോര്‍ദയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ജനുവരി എട്ടിന് ശനിയാഴ്ച നടത്തേണ്ടിയിരുന്ന മത്സരമാണ് 23ലേക്ക് മാറ്റിയിരിക്കുന്നത്. കോവിഡ് കാരണം ഒഡിഷ എഫ്.സിയുടെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. മറ്റു മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
11 മത്സരത്തില്‍ നിന്ന് 20 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ജനുവരി 30ന് ബംഗളൂരു എഫ്.സിക്കെതിരേയാണ് അടുത്ത മത്സരം. അതിന് മുന്‍പായി താരങ്ങളുടെ ഫിറ്റ്‌നസ് വീണ്ടെടുക്കണമെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മികച്ച പരിശീലനം തന്നെ നടത്തേണ്ട അവസ്ഥയാണിപ്പോള്‍. വിവിധ ടീമുകളിലെ താരങ്ങള്‍ക്ക് കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും ലീഗ് നിര്‍ത്തി വെക്കേണ്ടെന്ന തീരുമാനത്തിലാണ് ഐ.എസ്.എല്‍ അധികൃതര്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.