വിജയവഴിയിലേക്ക് തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ്, എതിരാളികൾ അവസാനസ്ഥാനത്തുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡ്

വിജയതീരത്തേക്ക് തിരിച്ചുവരാന്‍ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു. അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ മഞ്ഞപ്പടക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ നോർത്ത്ഈസ്റ്റിനെതിരെ വിജയം അനിവാര്യമാണ്.
ലീഗ് പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള നോര്‍ത്ത്ഈസ്റ്റിനെ അനായാസം പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. നോർത്ത്ഈസ്റ്റ് അവരുടെ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഹൈദരാബാദിനോട് പരാജയപ്പെട്ടതും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
കൊവിഡിന്റെ പിടിയിലായിരുന്ന താരങ്ങളെല്ലാം ഏറെക്കുറെ ഫിറ്റ്നസ് വീണ്ടെടുത്ത അവസ്ഥയാണ്. അത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ കരുത്ത് പകരുന്നു.
ബംഗളൂരുവിനെതിരേയും ശക്തമായ നിരയെ ഇവാന് വുകമനോവിച്ച് കളത്തിലിറക്കിയിരുന്നെങ്കിലും ഇടവേളയുടെ ക്ഷീണം ബ്ലാസ്റ്റേഴ്സിനെ നന്നായി ബാധിച്ചിരുന്നു. എന്നിട്ടും ബംഗളൂരു എഫ്.സിക്കെതിരേ മികച്ച പോരാട്ടം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയപപെട്ടത്.
നിലവില്‍ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. അതിനാല്‍ ഇനിയുള്ള ജയങ്ങള്‍ കൊമ്പന്മാര്ക്ക് ആദ്യ നാലില്‍ ഉറച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കും. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പൊസിഷനുകളില്‍ കളിക്കുന്ന താരങ്ങളെല്ലാം പരിശീലനവുമായി മുന്നോട്ട് പോകുന്നുണ്ട് എന്നത് തന്നെയാണ് അടുത്ത മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.
കൂടാതെ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നോര്‍ത്ത്ഈസ്റ്റിനെ അനായാസം തളക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കൊമ്പന്മാര്ക്കുണ്ട്. മത്സരത്തിൽ വിജയിച്ചാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.