Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള ഐഎസ്എൽ ആവേശപ്പോരാട്ടം സമനിലയിൽ

Haroon Rasheed
The match ended in a 2-2 draw
The match ended in a 2-2 draw / Indian Super League
facebooktwitterreddit

തീ പാറുന്ന പോരാട്ടം പുറത്തെടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെ എഫ്.സി ഗോവ സമനിലയില്‍ തളച്ചു. ഇന്ന് നടന്ന മത്സരത്തില്‍ 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചെങ്കിലും ഗോവയുടെ അക്രമണത്തിന് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സിന് അടി തെറ്റുകയായിരുന്നു പിന്നീട്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

10ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നത്. ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ഫ്ലിക്കിങ് ഹെഡറിലൂടെ ജീക്ക്‌സണ്‍ സിങ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പത്തുമിനുട്ടുനുള്ളില്‍ തന്നെ ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഹൈ പ്രഷര്‍ കളി പുറത്തെടുത്തു. മധ്യനിരയിലും മുന്നേറ്റത്തിലും ഗോവന്‍ നിരയെ സമ്മര്‍ദത്തിലാക്കി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മികച്ച നീക്കങ്ങള്‍ നടത്തി.

20ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ സൂപ്പര്‍ ഗോള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ മേധാവിത്തം ഏറ്റെടുത്തു. രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും സമ്മര്‍ദം നേരിടാതെ കളിച്ച ഗോവ 24ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി സ്‌കോര്‍ 2-1 എന്ന നിലയിലാക്കി. മികച്ച നീക്കത്തിനൊടുവില്‍ ഓര്‍ടിസായിരുന്നു ഗോവക്ക് വേണ്ടി മികച്ചൊരു ഫീല്‍ഡ് ഗോള്‍ കണ്ടെത്തിയത്. ഇതായിരുന്നു മത്സരത്തിലെ ടേണിങ് പോയിന്റ്. ഒരു ഗോള്‍ മടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് അല്‍പം പതറിയത് പോലെ തോന്നി. എന്നാലും ഗോവന്‍ ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഇരച്ചെത്തിക്കൊണ്ടിരുന്നു.

രണ്ട് ടീമുകളുടെയും മധ്യനിരയില്‍ ചടുലമായ നീക്കങ്ങളായിരുന്നു കണ്ടത്. 38ാം മിനുട്ടില്‍ എഡു ബെഡിയയുടെ കോര്‍ണര്‍ കിക്ക് നേരിട്ട് പോസ്റ്റില്‍ പ്രവേശിച്ചതോടെ മത്സരം സമനിലയിലായി. ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഒന്‍പത് മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. സീസണിലെ ആദ്യ ജയം സ്വന്തമാക്കാന്‍ കഴിയാത്ത ഗോവ ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit