Football in Malayalam

ഫൈനല്‍ തേഡില്‍ പരാജയമായി കേരള ബ്ലാസ്റ്റേഴ്‌സ്; ഇനിയും ക്ലിക്കാകാതെ കൊമ്പന്മാർ

Haroon Rasheed
Jorge Pereyra Díaz
Jorge Pereyra Díaz / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാശി തെളിയുന്നില്ല. ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിന് സമനില കൊണ്ട് തൃപ്തിപ്പെടാനായിരുന്നു മഞ്ഞപ്പടയുടെ യോഗം. അത്ര മികച്ച ടീമില്ലാതിരുന്നിട്ടും ഈസ്റ്റ് ബംഗാളിനെ തുരത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. മത്സരത്തിലെ എല്ലാ മേഖലയിലും കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മേധാവിത്തം.

എങ്കിലും ഫൈനല്‍ തേഡിലെ പോരായ്മകള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഇപ്പോഴും മുഴച്ചു കാണുന്നു. 70 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ കഴിയാത്തത് തികഞ്ഞ പരാജയമായി കണക്കാക്കാം. 70 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പത്ത് ഷോട്ടുകളാണ് എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ഇതില്‍ രണ്ടെണ്ണം മാത്രം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു.

37ാം മിനുട്ടില്‍ ടിമിസ്ലേവ് മിര്‍സേലയിലൂടെ ഈസ്റ്റ് ബംഗാളായിരുന്നു ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 44ാം മിനുട്ടില്‍ അല്‍വാരോ വാല്‍സ്‌കിസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. പക്ഷെ മത്സര ഫലം ബ്ലാസ്റ്റേഴ്‌സിന് സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. 4-4-2 ഫോര്‍മേഷനില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിങ്ങ് മിഡിലുണ്ടായിരുന്ന രണ്ട് മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെ. പ്രശാന്ത് എന്നിവര്‍ക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല.

ഈസ്റ്റ് ബംഗാള്‍ മുന്നേറ്റതാരം പെരോസെവിച്ചിനെ തടയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ജെസല്‍ കാര്‍നെറോയും പലപ്പോഴും പരാജയപ്പെട്ടു. പലപ്പോഴും ഭാഗ്യം കൊണ്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷപ്പെടല്‍. നിര്‍ണായകമായി ലഭിക്കേണ്ടിയിരുന്ന മൂന്ന് പോയിന്റ് നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയാണ് അടുത്ത എതിരാളികള്‍. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുംബൈയെ തളക്കണമെങ്കില്‍ കൊമ്പന്‍മാര്‍ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഡിസംബര്‍ 19ന് ഫറ്റോര്‍ദ സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. അഞ്ച് മത്സരത്തില്‍ നിന്ന് ആറു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോള്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit