Football in Malayalam

പത്താം അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ്

Haroon Rasheed
Kerala Blasters are unbeaten since tasting defeat on the ISL Season 8 opener
Kerala Blasters are unbeaten since tasting defeat on the ISL Season 8 opener / Indian Super League
facebooktwitterreddit

സീസണിലെ പത്താം മത്സരത്തില്‍ നാളെ ഹൈരദാബാദ് എഫ്.സിയെ നേരിടുകയാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍. സീസണിലെ ഒന്‍പത് മത്സരത്തില്‍ ഒന്നില്‍ മാത്രം തോല്‍വി അറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ആത്മവിശ്വാസത്തിലാണ്. പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിനും ടീമിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇല്ലാത്ത സ്ഥിതിക്ക് അവസാന മത്സരത്തില്‍ ഗോവക്കെതിരേയുള്ള ടീമിനെ ഹൈദാരാബാദിനെതിരേയുള്ള മത്സരത്തില്‍ പ്രതീക്ഷിക്കാം.

പരുക്കിന്റെ പിടിയിലായിരുന്ന സെന്റര്‍ ബാക്ക് സിപോവിച്ച് തിരിച്ചെത്തിയതായിരിക്കും ബ്ലാസ്‌റ്റേഴ്‌സിലെ പ്രധാന മാറ്റം. ഗോവക്കെതിരേയുള്ള മത്സരത്തില്‍ മലയാളി താരം ബിജോയിയെ പിന്‍വലിച്ചായിരുന്നു സിപോവിച്ചിനെ കളത്തിലിറക്കിയത്. സെന്റര്‍ ബാക്കില്‍ പ്രതിരോധം കാക്കാന്‍ അവസരം ലഭിച്ച മലയാളി താരം ബിജോയ് അത്യാവശം മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.

എതിര്‍ താരങ്ങളെ പ്രതിരോധിക്കുന്നതില്‍ ഹോര്‍മിപ്പാമിനെക്കാളും ഫിസിക്കല്‍ കപാസിറ്റി കൂടിയ ബിജോയിക്ക് അവസരം നല്‍കാനും പരിശീലകന്‍ മറന്നില്ല. മറ്റു മത്സരങ്ങളിലേതുപേലെ മധ്യനിരയില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഹൈരദാബാദിനെതിരേയുള്ള മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗോവക്കെതിരേയുള്ള മത്സരത്തില്‍ ജീക്ക്‌സണ്‍ സിങ് ഗോള്‍ കണ്ടെത്തിയത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരക്ക് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യും.

ഒഗ്ബച്ചയെ സ്‌ട്രൈക്കില്‍ നിര്‍ത്തിക്കൊണ്ടുള്ള 4-2-3-1 ഫോര്‍മേഷനിലാണ് സീസണില്‍ ഹൈദരാബാദ് മിക്ക സമയത്തും കളത്തിലിറങ്ങിയിട്ടുള്ളത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് ഇതേ ഫോര്‍മേഷനായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരെയും സ്വീകരിക്കുക. അതിനാല്‍ ഒഗ്ബച്ചെയുടെ നീക്കങ്ങളേയും താരത്തിന് പന്തെത്തിക്കുന്നതും തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞാല്‍ തിലക് മൈതാനില്‍ നാളെ വെന്നിക്കൊടി പാറിച്ച് കൊമ്പന്‍മാര്‍ക്ക് മടങ്ങാന്‍ കഴിയും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit