വിജയം അനിവാര്യം; നിർണായക പോരാട്ടത്തിന് മുംബൈക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐ.എസ്.എൽ അകത്തോ പുറത്തോ എന്ന മഞ്ഞപ്പടയുടെ വിധി ഇന്ന് തീരൂമാനിക്കും. തിലക് മൈതാനിയില്‍ മുംബൈ സിറ്റിക്കെതിരേ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലോട്ടുള്ള വഴി സുഖകരമാവും. 18 മത്സരത്തില്‍ നിന്ന് 31 പോയിന്റുള്ള മുംബൈ സിറ്റിയും 18 മത്സരത്തില്‍ നിന്ന് 30 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സുമാണ് ആദ്യ നാലില്‍ ഇടം നേടാൻ ഇന്ന് പൊരുതുന്നത്.
സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നെങ്കിലും ഇന്നത്തെ മത്സരത്തില്‍ മുംബൈ വിശ്വരൂപം പുറത്തെടുക്കും. ജയിക്കാനായി അവസാനത്തെ അടവും പയറ്റും. അതിനാല്‍ മുംബൈയുടെ എല്ലാ തന്ത്രങ്ങളേയും നീക്കങ്ങളേയും തുടക്കത്തിലേ നിഷ്പ്രഭമാക്കിയാല്‍ മഞ്ഞപ്പടക്ക് അനായാസം പ്ലേ ഓഫ് സ്വപ്നം കാണാം.
ഇന്നത്തെ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തുകയും, അടുത്ത മത്സരത്തില്‍ എഫ്.സി ഗോവയെ തോൽപ്പിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് അനായാസം പ്ലേ ഓഫിലേക്ക് കയറാം. സീസണില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഗോവയുടെ മുന്നേറ്റ താരം ഓര്‍ട്ടിസ് ടീമിനൊപ്പമില്ല. കൂടാതെ ലീഗില്‍ അവസരം ലഭിക്കാത്ത താരങ്ങളെയാകും ഗോവ കളിപ്പിക്കുക. അതിനാല്‍ ഗോവക്കെതിരേയുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് കാര്യമായ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല.
എന്നാല്‍ മുംബൈക്കെതിരേയുള്ള മത്സരത്തില്‍ കൈമെയ് മറന്ന് ബ്ലാസ്റ്റേഴ്സ് കളിച്ചാല്‍ മാത്രമേ കൊമ്പന്മാർക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. റൈറ്റ് ബാക്ക് ഹര്‍മന്‍ജ്യോത് ഖബ്രയുടെ അഭാവം ഇന്ന് ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കും.
ഹൈദരാബാദ് എഫ്.സിക്കെതിരേയുള്ള മത്സരത്തില്‍ നടത്തിയ ഫൗളിനായിരുന്നു എ.ഐ.എഫ്.എഫ് രണ്ട് മത്സരത്തില്‍ നിന്ന് ഖബ്രയെ വിലക്കിയത്. ഫെഡറേഷന് ഖബ്രയോട് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലാത്തിതനായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ രണ്ടെണ്ണം തോല്‍ക്കുകയും രണ്ടെണ്ണം വിജയിക്കുകയും ഒരു മത്സരം സമനിലയിലാവുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്. അതേ സമയം അവസാന അഞ്ചു മത്സരത്തില്‍ നാലെണ്ണം ജയിച്ച മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിനെതിരേ ശക്തമായ മത്സരം പുറത്തെടുക്കുമെന്നതില്‍ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.