Football in Malayalam

ഐ.എസ്.എല്‍: ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ചാംപ്യന്‍മാരെ നേരിടുന്നു

Haroon Rasheed
Kerala Blasters face Mumbai City FC in their next game
Kerala Blasters face Mumbai City FC in their next game / Indian Super League
facebooktwitterreddit

സീസണിലെ ആറാം മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. നിലവിലെ ചാംപ്യന്‍മാരായ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ സിറ്റിയേയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടത്. ആറു മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് മുബൈ സിറ്റി സീസണില്‍ നേടിയിട്ടുള്ളത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ മാത്രമാണ് മുംബൈ സിറ്റിക്ക് തോല്‍വി രുചിക്കേണ്ടി വന്നിട്ടുള്ളു.

സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുംബൈക്ക് മുന്നില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ജയിക്കാമായിരുന്ന കഴിഞ്ഞ മത്സരത്തില്‍ സമനിലകൊണ്ട് തൃപ്തിപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഫിനിഷിങ്ങിലെ പോരായ്മയും റഫറിയിങ്ങിലെ അപാകതയുമായിരുന്നു ഈസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം നിഷേധിച്ചത്. എന്നാല്‍ ഇതുവരെ തുടര്‍ന്ന പ്രകടനമാണ് നാളെയും നടത്തുന്നതെങ്കില്‍ മൂന്നിലധികം ഗോളിനെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് മാന്‍ മുതല്‍ മുംബൈ മുന്നേറ്റത്തെ തടഞ്ഞ് നിര്‍ത്തുന്നതില്‍ ആത്മാര്‍ഥത കാണിച്ചെങ്കില്‍ മാത്രമേ മുംബൈയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ. അതേ സമയത്ത് ഫൈനല്‍ തേഡിലെ പ്രശ്‌നങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ശാശ്വത പരിഹാരവും കാണേണ്ടിവരും. മുംബൈക്കെതിരേ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ഫോര്‍മേഷനില്‍ കളിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയുടെ മുന്നേറ്റങ്ങളെ തുടക്കത്തില്‍ തന്നെ തടയിടാന്‍ സാധിക്കും.

ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ 4-4-2 ശൈലിയില്‍ കളിച്ചപ്പോള്‍ അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌ക്വസും മികച്ച ഒത്തിണക്കം കാണിച്ചിരുന്നു. ലൂണ ടീമുമായി ഇണങ്ങി ചേർന്നത് ഇതുവരെയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടമായി കണക്കാക്കാം. മുംബൈക്കെതിരെയും ലൂണക്കെതിരെ ചരട് വലിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം, കൂടുതല്‍ ഗോളുകളുടെ മാര്‍ജിനില്‍ തോറ്റാല്‍ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തെ തുടര്‍ന്നുള്ള മത്സരങ്ങളിൽ കാര്യമായി ബാധിക്കും.

അതുകൊണ്ട് ഗോളടിക്കാനുള്ള പ്രവണത കൂട്ടുന്നതിന് പകരം ഗോള്‍ വഴങ്ങാതിരിക്കാനുള്ള വഴികള്‍ തേടുന്നതാകും മഞ്ഞപ്പടക്ക് നല്ലത്. കാരണം അത്രയും മികച്ച ഫോമില്‍ നില്‍ക്കുന്ന മുംബൈയെ സമനിലയില്‍ തളക്കുന്നത് പോലും ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തിന്റെ അനുഭൂതി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.


facebooktwitterreddit