Football in Malayalam

അപരാജിത കുതിപ്പ് തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്; ജംഷെഡ്പൂർ എഫ്‌സിക്കെതിരെ സമനില

Ali Shibil Roshan
Blasters shared spoils with Jamshedpur FC
Blasters shared spoils with Jamshedpur FC / Indian Super League
facebooktwitterreddit

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിയുമായി പോയിന്റ് പങ്കിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗ്രെഗ് സ്റ്റുവാർട്ടിന്റെ അതിമനോഹര ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ജംഷെഡ്പൂർ എഫ്‌സിയെ, സഹൽ അബ്ദുൽ സമദ് നേടിയ ഗോളിനാണ് കൊമ്പന്മാർ തളച്ചത്. സമനിലയോടെ, ഐഎസ്എൽ സീസൺ എട്ടിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമുള്ള അപരാജിത കുതിപ്പ് തുടരാനും ബ്ലാസ്റ്റേഴ്സിനായി.

പോയിന്റ് പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ജംഷെഡ്പൂരും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം ആദ്യാവസാനം വരെ ഇഞ്ചോടിഞ്ചായിരുന്നു. മത്സരത്തിന്റെ 14ആം മിനുട്ടിലാണ് സ്റ്റുവാർട്ടിലൂടെ ജംഷെഡ്പൂർ ആദ്യ ഗോൾ നേടുന്നത്. ഗോൾലൈനിന് 33.9 മീറ്റർ അകലെ നിന്ന് ഫ്രീകിക്ക്‌ എടുത്ത സ്റ്റുവാർട്ട്, മനോഹരമായ ഒരു കിക്കിലൂടെ അത് ഗോൾവലയിലെത്തിക്കുകയായിരുന്നു. ഒരു ക്രോസ് പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭുസുഖൻ സിംഗ് ഗിൽ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഗോൾ തടയാനായില്ല.

മത്സരത്തിൽ പിന്നിലായി ബ്ലാസ്റ്റേഴ്‌സ്, 27ആം മിനുറ്റിൽ തങ്ങളുടെ സമനില ഗോൾ നേടി. മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച് ജംഷെഡ്പൂർ താരങ്ങളെ മറികടന്ന് അൽവാരോ വാസ്‌ക്വേസ് തൊടുത്ത് വിട്ട ഷോട്ട് ടിപി രെഹനേഷ് തടുത്തെങ്കിലും, റീബൗണ്ട് മലയാളി താരം സഹൽ വലയിലെത്തിക്കുകയായിരുന്നു. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള സഹലിന്റെ നാലാമത്തെ ഗോൾ ആയിരുന്നു അത്.

37ആം മിനുറ്റിൽ വാസ്‌ക്വേസിന്റെ ക്രോസ് ബോക്സിനുള്ളിൽ വെച്ച് ജംഷെഡ്പൂർ പ്രതിരോധതാരത്തിന്റെ കൈയിൽ തട്ടിയെങ്കിലും, റഫറി ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി നിഷേധിച്ചു. പന്ത് ജംഷെഡ്പൂർ താരത്തിന്റെ കൈകളിൽ തട്ടുന്നത് റീപ്ലേ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മത്സരത്തിന്റെ അൻപതാം മിനുറ്റിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷെഡ്പൂർ താരം പീറ്റർ ഹാർട്ട്ലിക്ക് പാളിയപ്പോൾ അവസരം മുതലെടുത്ത് വാസ്‌ക്വേസ് ഒരു ചിപ്പിങ് ഷോട്ട് ഗോൾ ലക്ഷ്യമാക്കി ഉതിർത്തെങ്കിലും, അത് ക്രോസ്ബാറിൽ ഇടിച്ച് മടങ്ങി.

മത്സരത്തിൽ മൂന്ന് പോയിന്റുകളും കരസ്ഥമാക്കാനുള്ള സുവർണാവസരം 84ആം മിനുറ്റിൽ ജംഷെഡ്പൂരിന് ലഭിച്ചെങ്കിലും, മികച്ച ഒരു സേവിലൂടെ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഇഷാൻ പണ്ഡിത തൊടുത്ത് വിട്ട ഷോട്ട്, ഗിൽ തന്റെ കാലു കൊണ്ട് തടയുകയായിരുന്നു.

മത്സരത്തിലെ സമനിലയോടെ, 8 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുകളുമായി ജംഷെഡ്പൂർ ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും, ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit