കോട്ടകെട്ടുന്ന പ്രതിരോധവും, കീറിമുറിക്കുന്ന ആക്രമണവും, കുതിപ്പ് തുടർന്ന് കൊമ്പന്മാർ; മഞ്ഞപ്പടക്ക് ആര് മണികെട്ടും

ഐ.എസ്.എല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കേരള ബ്‌ളാസ്റ്റേഴ്‌സ് കടന്ന് പോകുന്നത്. തുടര്‍ച്ചയായി ഒന്‍പത് മത്സരത്തില്‍ തോല്‍വി അറിയാതെയുള്ള യാത്രയില്‍ കൊമ്പന്‍മാര്‍ ഇപ്പോള്‍ പട്ടികയില്‍ ഒന്നാമതാണ്. അവസാനമായി നടന്ന മത്സരത്തില്‍ അപരാജിത കുതിപ്പ് നടത്തിയിരുന്നു ഹൈദരാബാദിനെ തറപറ്റിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് പട്ടികയലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എതിർനീക്കങ്ങൾ കോട്ടകെട്ടി തടുത്ത ബ്ലാസ്റ്റേഴ്‌സ്, എതിർപ്രതിരോധത്തെ കീറിമുറിക്കുന്ന പല നീക്കങ്ങൾ നടത്തുന്ന കാഴ്ചയും ഹൈദരാബാദിനെതിരെ കണ്ടു.
ഹൈരദാബാദിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്. 42ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്‌സിന്റെ ഹാഫ് വോളി ഗോളായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിന് നൂറില്‍ നൂറു മാര്‍ക്കും നല്‍കാനാകും. ഗോള്‍ കീപ്പര്‍ മുതല്‍ സ്‌ട്രൈക്കില്‍ വരെയുള്ള താരങ്ങള്‍ ഒത്തിണക്കത്തോടെയും ആത്മാര്‍ഥതയോടെയും കളിച്ചു എന്ന് നിസംശയം പറയാം.
എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം ഹൈദരാബാദ് ഏറ്റെടുത്തവെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര ജാഗരൂകരായി നിന്നതോടെയായിരുന്നു ഹൈദരാബാദിന് ഗോള്‍ നേടാന്‍ കഴിയാതിരുന്നത്. മത്സരത്തല്‍ ഗോള്‍ കീപ്പര്‍ ഗില്ലിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ആല്‍ബിനോ ഗോമസ് പരുക്കേറ്റ് പുറത്തായതിന് ശേഷം ഗോള്‍ വലക്ക് കീഴില്‍ ആരെന്നതിനുള്ള ഒരുത്തരം ഗില്‍ എന്ന് മാത്രമേയുള്ളു.
ഹൈദരാബാദിനെപ്പോലൊരു ടീമിനെതിരെ നേടിയ ക്ലീന്‍ ഷീറ്റ് ഗില്ലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മത്സരം ജയിച്ചെങ്കിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ചെറിയ പോരായ്മകളും കണ്ടിരുന്നു. അതുകൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സ് ഗര്‍ജിക്കുന്ന സിംഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
രണ്ടാം പകുതിയില്‍ മുന്നില്‍ കളിച്ചിരുന്ന വാസ്‌ക്‌സിന്റെ കളി അല്‍പം പിറകോട്ടടിച്ചത് വ്യക്തമായിരുന്നു. പ്രതിരോധത്തിന് സമ്മര്‍ദം സൃഷ്‌ടിച്ച ഒരുപാട് നിമിഷങ്ങൾ രണ്ടാം പകുതിയിലുണ്ടായിരുന്നു. ഒരു ഗോള്‍ ലീഡില്‍ കടിച്ച് തൂങ്ങി മത്സരം പൂര്‍ത്തിയാക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമമെന്ന് രണ്ടാം പകുതിയില്‍ പലപ്പോഴും തോന്നി.
രണ്ടാം പകുതിയിൽ ഒന്നുകൂടി ക്രിയേറ്റീവായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ ഗോള്‍ നേടാമായിരുന്നു. മധ്യനിരയില്‍ ജീക്ക്‌സണും അനാവശ്യ സ്‌കില്ലിന് ശ്രമിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് സമ്മര്‍ദമുണ്ടാക്കി. സമ്മര്‍ദ ഘട്ടങ്ങളില്‍ ചില താരങ്ങള്‍ സ്‌കില്ലിന് ശ്രമിക്കുന്നതും അനാവശ്യ സമ്മര്‍ദമുണ്ടാക്കുന്നതിന്റെയും ഭാരം അമിതമായി പ്രതിരോധ നിരക്ക് ചുമക്കേണ്ടി വരുന്നു എന്നത് സത്യമാണ്. എന്നാല്‍ എല്ലാ സമ്മര്‍ദങ്ങളേയും മഞ്ഞപ്പട നേരിട്ടതോയെയായിരുന്നു തിലക് മൈതാനിയില്‍ നിന്ന് വെന്നിക്കൊടി പാറിച്ച് ബ്ലാസ്റ്റേഴ്‌സ് മടങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.