Football in Malayalam

മുംബൈ ആക്രമണത്തെ കോട്ടകെട്ടിത്തടഞ്ഞ കേരളാ ബ്ലാസ്റ്റേഴ്‌സ്

Haroon Rasheed
Kerala Blasters are one point away from a spot in the ISL play-offs
Kerala Blasters are one point away from a spot in the ISL play-offs / Indian Super League
facebooktwitterreddit

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന്റെ പടിവാതില്‍ക്കലാണ്. അവസാന മത്സരത്തില്‍ ദുര്‍ബലരായ എഫ്.സി ഗോവയെകൂടി മുട്ടുകുത്തിച്ചാല്‍ മഞ്ഞപ്പടക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. മുംബൈക്കെതിരേയുള്ള മത്സരത്തില്‍ നൂറില്‍ നൂറു മാര്‍ക്ക് നല്‍കേണ്ടത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരക്ക് തന്നെയാണ്.

മത്സരത്തിന്റെ 16ാം മിനുട്ടില്‍ സ്വന്തം കഴിവ് കൊണ്ട് മലയാളി താരം സഹല്‍ നേടിയ ഗോളായിരുന്ന മത്സരത്തിലെ സുന്ദരനിമിഷമെങ്കിലും പ്രതിരോധ താരങ്ങളുടെ ഒത്തിണക്കമാണ് ആര്‍ത്തലച്ച് വന്ന മുംബൈയെ പിടിച്ചുകെട്ടിയത്. കളത്തിലെ കണക്കുകള്‍ പലതും മുംബൈക്കാണ് മുന്‍തൂക്കം നൽകുന്നത്. എന്നാല്‍ മുംബൈ നടത്തിയ മുന്നേറ്റങ്ങളെ മധ്യനിരയില്‍ നിന്ന് തരിപ്പണമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞു. മധ്യനിരയെ മറികടന്ന് വന്നതൊക്കെ പ്രതിരോധനിരയും കൈകാര്യം ചെയ്‌തു.

എട്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മറികടന്ന് ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. ഇതിന്റെ ഫുള്‍ ക്രെഡിറ്റും ലെസ്‌കോവിച്ച് നേതൃത്വം നല്‍കിയ പ്രതിരോധനിരക്കായിരുന്നു. ഒരു സമയത്ത് പോലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിന് ഭീഷണി സൃഷ്ടിക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. 12 കിക്കുകളാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം ലക്ഷ്യമാക്കി മുംബൈ തൊടുത്തത്. എന്നാല്‍ ഇതെല്ലാം മഞ്ഞപ്പടയുടെ പ്രതിരോധം നിഷ്പ്രഭമാക്കി. ഒരു കിക്ക് മാത്രമാണ് ഗില്ലിന്റെ കൈകളിലെത്തിയത്.

ഇവിടെയും നൂറ് മാര്‍ക്ക് പ്രതിരോധത്തിന് നല്‍കാന്‍ കഴിയും. വീണ് കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കിയ വാസ്‌ക്വസും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. സെമയിലേക്കുള്ള ഏറ്റവും കടുത്ത കടമ്പ ചാടിക്കടന്നതോടെ അടുത്ത മത്സരത്തില്‍ ഗോവയെ അനായാസം തുരത്തി പ്ലേ ഓഫില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് കൊമ്പന്‍മാര്‍. അതിനായി വുകമനോവിച്ചും സംഘവും ഇപ്പോൾ തന്നെ തന്ത്രങ്ങള്‍ മെനയുന്നുണ്ടാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit