മുംബൈ സിറ്റിയെ നിഷ്പ്രഭമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫിന്റെ പടിവാതിൽക്കൽ കൊമ്പന്മാർ

ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിന്റെ പടിവാതിൽക്കൽ കേരളാ ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്.സിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ 3-1ന്റെ ജയം സ്വന്തമാക്കിയാണ് കൊമ്പന്മാര് പ്ലേ ഓഫിലേക്ക് അടുത്തത്. വിജയം അനിവാര്യമായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കൊമ്പന്മാർ അർഹിക്കുന്ന വിജയമാണ് കരസ്ഥമാക്കിയത്.
മത്സരത്തിന്റെ 19ാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളോടെയായിരുന്നു തിലക് മൈതാനിയില്‍ മഞ്ഞപ്പടയുടെ തേരോട്ടം തുടങ്ങിയത്. ഒരു ഗോള്‍ ലീഡ് നേടിയതോടെ ആത്മവിശ്വാസം കൈപ്പിടിയിലൊതുക്കി മഞ്ഞപ്പട സര്‍വാധിപത്യത്തോടെ പന്തുതട്ടി. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി അൽവാരോ വാസ്ക്വസ് ലക്ഷ്യത്തിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് ലഭിച്ചു.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡുമായി മടങ്ങിയ മഞ്ഞപ്പട രണ്ടാം പകുതിയില്‍ മുംബൈയെ തടഞ്ഞു നിര്‍ത്താനുള്ള ശക്തിയാര്‍ജിച്ചായിരുന്നു തിരിച്ചുവന്നത്. 60ാം മിനുട്ടില്‍ മൊര്‍താദ ഫാള്‍ നല്കിയ മൈനസ് പാസ് അടിച്ചകറ്റുന്നതിനിടെ മുംബൈ ഗോള്‍ കീപ്പര്‍ നവാസിന് പിഴച്ചു. പന്ത് ലഭിച്ച വാസ്ക്വസ് അത് അനായാസം വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും മുംബൈ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ലക്ഷ്യമാക്കിയുള്ള അക്രമം നിര്‍ത്തിയില്ല. ഒടുവില്‍ പകരക്കാരന്റെ റോളിലെത്തിയ ഡിയഗോ മൗറീസീയോയെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത മൗറീസിയോ പന്ത് ലക്ഷ്യത്തിലെത്തിച്ച് സ്കോര്‍ 3-1 എന്നാക്കി.
എന്നാല്‍ പിന്നീട് മുംബൈ തുടരെ അക്രമങ്ങള്‍ അഴിച്ചുവിട്ടെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം കോട്ടകെട്ടി മുംബൈയുടെ അക്രമങ്ങളെ ചെറുത്ത് തോല്പിച്ചു. മധ്യനിരയില്‍ നിറഞ്ഞാടിക്കളിച്ച യുവതാരം പുട്ടിയയായിരുന്നു ഹീറോ ഓഫ് ദ മാച്ച്. 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ കുറഞ്ഞത് സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ മറ്റു ടീമുകളുടെ ,മത്സരഫലങ്ങളെ ആശ്രയിക്കാതെ തന്നെ പ്ലേ ഓഫിലേക്ക് മുന്നേറാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.