Football in Malayalam

"ഏതു ടീമും ആഗ്രഹിക്കുന്ന താരം"- അഡ്രിയാൻ ലൂണയെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച്

Sreejith N
Ivan Vukomanovic explained the Adrian Luna substitution in the 61st minute of their clash with Jamshedpur FC
Ivan Vukomanovic explained the Adrian Luna substitution in the 61st minute of their clash with Jamshedpur FC / Indian Super League
facebooktwitterreddit

ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ മികച്ച വിജയത്തിനു ശേഷം ടീമിലെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയെ പ്രശംസിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മത്സരത്തിൽ ഒരു മനോഹരമായ ഫ്രീ കിക്ക് ഗോൾ നേടിയ ലൂണ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ജോർജ് പെരേര ഡയസ് ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

"ഞങ്ങൾ എല്ലാം സംഘടിപ്പിച്ച് ജോലി ആരംഭിക്കുന്നതിനു മുന്നോടിയായി ആദ്യത്തെ സൈനിങ്‌ ലൂണയായിരുന്നു. തുടക്കം മുതൽ തന്നെ ഐഎസ്എല്ലിൽ തന്റെ അടയാളം കുറിച്ച് നിലവാരം കാണിക്കാൻ പോകുന്ന താരങ്ങളിൽ ഒരാളായിരിക്കും ലൂണയെന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെയൊരു കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്."

"ഒന്നാമതായി ഒരു നേതാവെന്ന നിലയിലും, രണ്ടാമതായി തന്റെ പ്രകടനത്തിലൂടെയും ഗോളിലൂടെയും പാസിങ്ങിലൂടെയും മത്സരത്തിൽ മാറ്റം വരുത്താൻ കഴിവുള്ള താരമെന്ന നിലയിലും ലൂണ നിർണായകമാണ്. ഇതുപോലെയൊരു കളിക്കാരൻ കൂടെ വേണമെന്ന് ഏതു ടീമിനും ആഗ്രഹമുണ്ടാകും." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് വുകോമനോവിച്ച് പറഞ്ഞു.

വിജയം വളരെ അനിവാര്യമായതിനാൽ തന്നെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മാനസികസംഘർഷം അനുഭവിച്ചതിന്റെ ഭാഗമായാണ് മത്സരം സ്വന്തമാക്കാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നതെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ആദ്യപകുതിയിൽ വളരെ ശ്രദ്ധയോടെ കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും കൂടുതൽ കൃത്യതയോടെ കളിച്ച് വിജയം സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൻ എഫ്‌സിക്കെതിരെ വിജയം നേടിയെങ്കിലും ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. എഫ്‌സി ഗോവക്കെതിരായ മത്സരം വിജയിച്ച് മുംബൈ സിറ്റി നാലാം സ്ഥാനം തിരിച്ചു പിടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിൽ നടക്കാനിരിക്കുന്ന അടുത്ത പോരാട്ടം അതിനിർണായകമായ ഒന്നായിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit