കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരത്തിനു സീസൺ മുഴുവൻ നഷ്‌ടമായേക്കാമെന്ന് പരിശീലകൻ വുകോമനോവിച്ച്

Ivan Vukomanovic
Ivan Vukomanovic / Indian Super League
facebooktwitterreddit

ജംഷഡ്പൂരിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിനിടെ സ്വന്തം ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു തലക്കു പരിക്കേറ്റ പ്രതിരോധ താരം റൂയ്വാ ഹോർമിപാമിന് സീസൺ മുഴുവൻ നഷ്‌ടമാകാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഗോൾകീപ്പറായ ഗില്ലുമായി കൂട്ടിയിടിച്ചു വീണതിനെ തുടർന്ന് താരത്തിന്റെ പരിക്കിന്റെ അവസ്ഥ മോശമാണെന്നു കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.

"അതു മോശമായാണ് തോന്നുന്നത്. അവസ്ഥ മോശമാണെങ്കിൽ ഞങ്ങൾക്കു താരത്തെ സീസൺ മുഴുവൻ നഷ്‌ടമായേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നു കരുതാം. താരത്തിന് ശസ്ത്രക്രിയ വേണമെങ്കിൽ അത് കടുപ്പമായേക്കും. വളരെയധികം മെച്ചപ്പെട്ടു വരുന്ന താരം സീസൺ മുഴുവൻ ഞങ്ങളുടെ കൂടെയുണ്ടാകാനാണ് ആഗ്രഹം." വുകോമനോവിച്ച് പറഞ്ഞു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെതിരെ കനത്ത തോൽവി വഴങ്ങിയെങ്കിലും അതിൽ നിന്നും തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. "അവസാനം വരെ ഇനിയും മത്സരങ്ങളുണ്ട്. എല്ലാ ടീമും നിരവധി മത്സരങ്ങൾ കളിക്കണം. ഞങ്ങൾ അവസാനം വരെ പോയിന്റുകൾ നേടാൻ വേണ്ടി പൊരുതും."

"ഞങ്ങൾ പരിശീലനം നടത്തി തയ്യാറെടുക്കണം, കാരണം ഇത്തരം ഫോർമാറ്റുകൾ മികച്ചതാണ്, മത്സരങ്ങൾ ഇനിയും വരാനിരിക്കുന്നു. ഓരോ തോൽവിയിലും നമ്മൾ പോസിറ്റിവായ വശം കണ്ടെത്തണം, പല കാര്യങ്ങളും നമ്മൾ വിശകലനം ചെയ്യണം. ചിലപ്പോൾ തോൽവിയാവില്ല, അതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം." അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ പെനാൽറ്റി വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പോരായ്‌മ തന്നെയാണെന്നു വ്യക്തമാക്കിയ വുകോമനോവിച്ച് അതിനോട് എങ്ങിനെയാണ് ടീം ഇനി പ്രതികരിക്കാൻ പോകുന്നതെന്നാണ് പ്രധാനമെന്നും പറഞ്ഞു. അതൊരു കളിക്കാരന്റെ പിഴവാണെങ്കിലും അടുത്ത മത്സരങ്ങളിൽ ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.