Football in Malayalam

ഇന്ത്യൻ ഫുട്ബോളിൽ അപൂർവ സംഭവം, ജിങ്കന് പരിക്കു പറ്റിയതിനു ഫിഫയിൽ നിന്നും നഷ്‌ടപരിഹാരം നേടിയെടുത്ത് ബ്ലാസ്റ്റേഴ്‌സ്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഇന്ത്യൻ ഫുട്ബോളിൽ നടന്ന അത്യപൂർവമായ സംഭവത്തിൽ ഒരു താരത്തിന് പരിക്കു പറ്റിയതിന്റെ പേരിൽ ഫിഫയിൽ നിന്നും നഷ്‌ടപരിഹാരം നേടിയെടുത്തത് ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്ന സന്ദേശ് ജിങ്കന് 2019-20 സീസണ് മുന്നോടിയായി പരിക്കേറ്റതും സീസൺ മുഴുവൻ നഷ്ടമായതും കാണിച്ചാണ് ഫിഫയുടെ പ്രത്യേക നിയമപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നഷ്ടപരിഹാരം നേടിയെടുത്തത്.

2019-20 സീസൺ ആരംഭിക്കുന്നതിനു മുൻപ് നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി ഇന്ത്യൻ ഫുട്ബോൾ ടീമും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന പരിശീലന മത്സരത്തിനിടെയാണ് സന്ദേശ് ജിങ്കന് പരിക്കേൽക്കുന്നത്. കാൽമുട്ട് തിരിഞ്ഞു പോയതിനെ തുടർന്ന് നായകനും ആരാധകരുടെ ഇഷ്ടതാരവുമായ ജിങ്കന് സീസൺ മുഴുവൻ നഷ്ടമായത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു.

ഫുട്ബോൾ നിയമങ്ങളെ കുറിച്ച് ആഴത്തിൽ ധാരണയുള്ള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ മുഹമ്മദ് റഫീഖ് ഫിഫയുടെ ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാം ഉപയോഗിച്ചാണ് ജിങ്കനേറ്റ പരിക്കിനുള്ള നഷ്ടപരിഹാരം നേടിയെടുത്തത്. ഈ നിയമപ്രകാരം ക്ലബുകളുമായി കരാറുള്ള താരങ്ങൾ അവരുടെ അസോസിയേഷനു (ഇവിടെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ) വേണ്ടി ഫിഫയുടെ ഇന്റർനാഷണൽ മാച്ച് വിൻഡോ സമയത്ത് കളിച്ചു പരിക്ക് പറ്റിയാൽ അതിനു നഷ്ടപരിഹാരം നേടിയെടുക്കാൻ കഴിയും.

പരിക്ക് പറ്റി ഇരുപത്തിയെട്ടു ദിവസത്തിനുള്ളിൽ ഇതിനു വേണ്ടി അപേക്ഷിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു. കരാർ പ്രകാരമുള്ള താരത്തിന്റെ ശമ്പളം കണക്കാക്കിയാണ് നഷ്ടപരിഹാരത്തിനുള്ള തുകയും കണക്കാക്കുക. ഒരു ദിവസത്തേക്ക് 20548 യൂറോ എന്ന കണക്കിൽ 365 ദിവസത്തേക്ക് 75 ലക്ഷം യൂറോ വരെ ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകാൻ നിയമസാധുതയുണ്ട്.

ഒക്ടോബർ 9ന് പരിക്കേറ്റ ജിങ്കൻറെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നവംബർ 6നാണ് ബ്ലാസ്റ്റേഴ്‌സ് സമർപ്പിച്ചത്. ഇതിന്റെ ഭാഗമായി തവണകളായാണ് ബ്ലാസ്റ്റേഴ്‌സിന് ഫിഫ നഷ്‌ടപരിഹാരം നൽകിയത്. 70 ലക്ഷം ഇന്ത്യൻ രൂപയാണ് ഇത്തരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടപരിഹാരമായി ലഭിച്ചത്. ഇന്ത്യൻ ക്ലബുകളിൽ പലർക്കും ഇത്തരമൊരു നിയമത്തെ കുറിച്ച് അറിവില്ലാതിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ഇതുപയോഗപ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

facebooktwitterreddit