Football in Malayalam

ഈസ്റ്റ് ബംഗാളിനെ തുരത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാരുടെ വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

Haroon Rasheed
Enes Sipovic celebrates his goal with Kerala Blasters teammates
Enes Sipovic celebrates his goal with Kerala Blasters teammates / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആദ്യ നാലില്‍. ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് വീണ്ടും പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ലൈനപ്പില്‍ അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്.

49ാം മിനുട്ടില്‍ ഹെഡറിലൂടെ എനെസ് സിപോവിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. ടീമില്‍ തിരിച്ചെത്തിയ പെരേര ഡയസും വാസ്‌ക്വസുമായിരുന്നു മുന്നേറ്റത്തില്‍ കളിച്ചത്. ലൂണയെ മധ്യനിരയില്‍ കളിപ്പിച്ച വുകമനോവിച്ച് പ്രതിരോധത്തിലായിരുന്നു പരീക്ഷണം നടപ്പാക്കിയത്.

ലെഫ്റ്റ് ബാക്കില്‍ സഞ്ജീവ് സ്റ്റാലിനെയും, സെൻട്രൽ ഡിഫൻസിൽ സിപോവിച്ചിനൊപ്പംബിജോ വര്‍ഗീസിനെയും, റൈറ്റ്-ബാക്കിൽ സന്ദീപ് സിങിനെയും കളിപ്പിച്ചു. ആദ്യമായി ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച സഞ്ജീവ് സ്റ്റാലിന്‍ മുഴുവന്‍ സമയവും കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു. മലയാളി താരം ബിജോ വര്‍ഗീസും കെമ്പന്‍മാരുടെ പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്ലാസ്‌റ്റേഴ്‌സ് രണ്ടിലധികം ഗോളുകള്‍ക്ക് ജയിക്കാമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു.

14 ഷോട്ടുകളാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിര ഈസ്റ്റ് ബംഗാള്‍ ഗോള്‍ വല ലക്ഷ്യമാക്കി പായിച്ചത്. അതില്‍ അഞ്ചെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ഈസ്റ്റ് ബംഗാള്‍ ഒന്‍പത് ഷോട്ടുകള്‍ പായിച്ചതില്‍ ഒന്ന് മാത്രമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റായത്. ജയത്തോടെ 15 മത്സരത്തില്‍ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. പരാജയം രുചിച്ച ഈസ്റ്റ് ബംഗാള്‍ 17 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നു. ഫെബ്രുവരി 19ന് എ.ടി.കെ മോഹന്‍ ബഗാനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit