സമനിലയിൽ കലാശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ ആവേശപ്പോരാട്ടം

ഐ.എസ്.എല്ലിലെ തീ പാറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില . എ.ടി.കെ മോഹൻ ബഗാനെതിരേ നടന്ന അത്യന്തം ആവേശകരമായ മത്സരമാണ് സമനിലയിൽ കലാശിച്ചത്. 2-2 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്.
ഏഴാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ മിഡ്ഫീൽഡ് ജനറൽ അഡ്രിയാൻ ലൂണയുടെ ഗോളിൽ മഞ്ഞപ്പട മുന്നിലെത്തി. എന്നാൽ അതിന് അധിക ആയുസുണ്ടായില്ല. എട്ടാം മിനുട്ടിൽ ഡേവിഡ് വില്യംസിൻ്റെ ഗോളിൽ എ.ടി.കെ സമനില പിടിച്ചു. ഇതോടെ മത്സരം ചൂടുപിടിച്ചു. ചടുലമായ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് എ.ടി.കെ യുടെ ഗോൾ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു.
കൊൽക്കത്ത മുന്നേറ്റത്തിൻ്റെ കരുത്തുകളായ ലിസ്റ്റൻ കൊളാസോയേയും മൻവീർ സിങ്ങിനെയും ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൃത്യമായി മാർക്ക് ചെയ്തു. ഇതോടെ എ.ടി.കെക്ക് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാംപകുതിയിൽ ശ്രദ്ധയോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ലൂണയിലൂടെ രണ്ടാം ഗോൾ നേടി. ഇതോടെ എ.ടി.കെ വീണ്ടും പ്രതിരോധത്തിലായി. 64-ാം മിനുട്ടിൽ എ.ടി.കെ ഗോൾകീപ്പർ അമരീന്ദറിനെ കാഴ്ചക്കാരനാക്കിയായിരുന്നു ലൂണ പന്ത് വലയിലെത്തിച്ചത്. സ്കോർ 2 - 1.
ഒരു ഗോൾ ലീഡ് നേടിയതോടെ മത്സരത്തിൻ്റെ കടിഞ്ഞാൺ ബ്ലാസ്റ്റേഴ്സിൻ്റെ കയ്യിലായി. എന്നാൽ 97-ാം മിനുട്ടിൽ ജോണി കക്കോയുടെ ഗോളിൽ എ.ടി.കെ സമനില പിടിച്ചു. മത്സരത്തിൽ എ.ടി.കെ താരം പ്രഭീർ ദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.
സമനിലയോടെ, 16 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 30 പോയിൻ്റുമായി എടി.കെ രണ്ടാം സ്ഥാനത്തുമുണ്ട്. ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.