ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്; അടുത്ത മത്സരം എടികെ മോഹൻ ബഗാനെതിരെ

ഐ.എസ്.എൽ പ്ലേ ഓഫ് ഉറപ്പിക്കാന്‍ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ മികച്ച ഫലം കരസ്ഥമാക്കേണ്ടതുണ്ട്. ലീഗില്‍ ഇനിയുള്ള ശക്തമായ മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ മഞ്ഞപ്പടക്ക് പ്ലേ ഓഫിലെത്താന്‍ കഴിയൂ.
നാളെ എ.ടി.കെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇത് ശക്തമായ മത്സരമായിരിക്കും. ഉദ്ഘാടന മത്സരത്തില്‍ 4-2 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് എ.ടി.കെയോട് പരാജയപ്പെട്ടിരുന്നു. അതിനാല്‍ ആദ്യ മത്സരത്തിലെ തോല്‍വിക്കുള്ള കണക്കു ചോദിക്കാന്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സ് നാളെ തിലക് മൈതാനില്‍ എ.ടി.കെയെ നേരിടുന്നത്.
നിലവില്‍ ആദ്യ നാലിലെത്താന്‍ ശക്തമായ പോരാട്ടമാണ് വിവിധ ടീമുകള്‍ തമ്മിൽ നടക്കുന്നത്. ഹൈദരാബാദ്, എ.ടി.കെ മോഹന്‍ ബഗാന്, ജംഷഡ്പുര്‍ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ബംഗളൂരു എഫ്.സി എന്നീ ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ ആറു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത് പ്ലേ ഓഫിലേക്ക് മുന്നേറാൻ പരമാവധി ശ്രമിക്കും.
അവസാന മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റം വരുത്തി ഇറങ്ങി ജയം സ്വന്തമാക്കിയെങ്കിലും, ടീമിന്റെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല. അതിനാൽ തന്നെ, എടികെ മോഹൻ ബഗാന്റെ ആക്രമണത്തെ ചെറുത്ത് തോല്പിക്കാന് ശക്തമായ നിരയെ തന്നെ ബ്ലാസ്റ്റേഴ്സിന് ഇറക്കേണ്ടി വരും.
ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തില്‍ യുവതാരം സഞ്ജീവ് സ്റ്റാലിന്, മലയാളി താരം ബിജോയ് വര്‍ഗീസ്, സന്ദീപ് സിങ് എന്നിവരേയായിരുന്നു സിപോവിച്ചിനൊപ്പം പ്രതിരോധത്തില്‍ അണി നിരത്തിയത്. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന ഹർമൻജോത് ഖബ്ര്‍, മാർകോ ലെസ്കോവിച്ച് എന്നിവർ മോഹൻ ബഗാനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
പരുക്കില്‍ നിന്ന് മോചിതനായ കെ.പി രാഹുലിനെ ഒരുപക്ഷെ എ.ടി.കെക്കെതിരെയുള്ള മത്സരത്തില്‍ നമുക്ക് മൈതനത്ത് പ്രതീക്ഷിക്കാം.
മോഹൻ ബഗാനെതിരെയുള്ള മത്സരശേഷം, ഹൈദരാബാദ് എഫ്.സി, ചെന്നൈയിന് എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി എന്നിവര്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.