പുതിയ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്, പത്താം നമ്പർ ജേഴ്സിയും താരത്തിന്


അടുത്ത സീസണിലേക്കുള്ള പുതിയ സൈനിങ് പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരു എഫ്സിയിൽ നിന്നും മുപ്പത്തിമൂന്നുകാരനായ ഹർമൻജോട് ഖബ്റയെയാണ് ബ്ലാസ്റ്റേഴ്സ് 2023 വരെ നീണ്ടു നിൽക്കുന്ന കരാറിൽ സ്വന്തമാക്കിയത്. സൈനിങ് പ്രഖ്യാപിച്ചതിനൊപ്പം അടുത്ത സീസണിൽ ടീമിന്റെ പത്താം നമ്പർ ജേഴ്സി ഖബ്റയാവും അണിയുകയെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കുന്നുണ്ട്.
"അടുത്ത സീസലേക്കും 2023 വരെയും പ്രതിരോധതാരമായ ഹർമൻജോട് ഖബ്റയുടെ സൈനിങ് പ്രഖ്യാപിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം സന്തോഷമുണ്ട്. 2006 മുതൽ പ്രൊഫെഷണൽ ഫുട്ബോളറായ താരത്തിന് ഡിഫെൻസിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിയും."
??? ?????? ? ??? ???????.@harman_khabra #SwagathamKhabra #YennumYellow pic.twitter.com/o8Q4CufhsU
— K e r a l a B l a s t e r s F C (@KeralaBlasters) July 15, 2021
"ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ തന്റെ യൂത്ത് കരിയർ ആരംഭിച്ച താരം. ഇന്ത്യൻ ഫുട്ബോളിൽ ഇതുവരെ ഇരുനൂറിലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച നാലാമത്തെ താരവും (102 മത്സരങ്ങൾ) ഖബ്റയാണ്." കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഐ ലീഗ് ക്ലബായ സ്പോർട്ടിങ് ക്ലബ് ഗോവയിലൂടെ തന്റെ പ്രൊഫെഷണൽ കരിയർ 2006ൽ ആരംഭിച്ച ഖബ്റ പിന്നീട് 2010ൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഏഴുവർഷത്തെ ഈസ്റ്റ് ബംഗാൾ കരിയറിൽ മൂന്നു തവണ ഫെഡറേഷൻ കപ്പ് നേടിയ താരം മൊത്തം പന്ത്രണ്ടു കിരീടങ്ങൾ അവർക്കൊപ്പം നേടിയിട്ടുണ്ട്.
അതിനു ശേഷം ചെന്നൈയിൻ എഫ്സിയിലേക്ക് ചേക്കേറിയ താരം 2014ൽ സെമി ഫൈനലിലും അതിനടുത്ത വർഷം ഐഎസ്എൽ കിരീടവും നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. മൂന്നു വർഷം ചെന്നൈയിൻ എഫ്സിക്കൊപ്പമുണ്ടായിരുന്ന താരം അതിനു ശേഷം ബെംഗളൂരുവിലെത്തുകയും 2018-19 സീസണിലെ ടീമിന്റെ കിരീടനേട്ടത്തിൽ ഭാഗമാവുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ വളരെ സന്തോഷമുണ്ടെന്നു പറഞ്ഞ ഖബ്റ ടീമിന് ആവേശം പകരുന്ന ആരാധകക്കൂട്ടത്തെ പ്രത്യേകം പരാമർശിച്ചു. പുതിയ സീസണിൽ ടീമിന്റെ ഭാഗമാകാൻ കാത്തിരിക്കയാണെന്നും ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും താരം വ്യക്തമാക്കി.