ബിലാൽ ഖാൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു; പരസ്പരധാരണയോടെ വേർപിരിഞ്ഞെന്ന് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം

ഇന്ത്യൻ യുവ ഗോൾകീപ്പർ ബിലാൽ ഖാൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. 2022 വരെ താരവുമായി ബ്ലാസ്റ്റേഴ്സിന് കരാറുണ്ടായിരുന്നെങ്കിലും പരസ്പര ധാരണയോടെ അദ്ദേഹവുമായി ക്ലബ്ബ് വേർപിരിയുകയായിരുന്നു. അല്പം മുൻപാണ് ഇക്കാര്യത്തിൽ കേരളാ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.
2018-19 സീസൺ ഐ-ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ, 2019ൽ റിയൽ കാശ്മീരിൽ നിന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയത്. 2017-18 സീസണിൽ ഗോകുലം കേരളക്കായി കളിച്ചിരുന്ന താരത്തിന് പക്ഷേ കേരളത്തിലേക്കുള്ള രണ്ടാം തിരിച്ചു വരവ് അത്ര സുഖകരമായില്ല.
We would like to announce that the club has mutually decided to part ways with Bilal Khan.
— K e r a l a B l a s t e r s F C (@KeralaBlasters) September 1, 2021
We want to thank Bilal for the time he spent with us, and wish him the best for the future. ??#YennumYellow pic.twitter.com/RMeyQW1PXC
2019-20 സീസൺ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിൽ മാത്രം കളിക്കാൻ അവസരം ലഭിച്ച താരത്തിന് ഒരു ക്ലീൻ ഷീറ്റ് മാത്രമാണ് സ്വന്തമാക്കാനായത്. 7 ഗോളുകളും വഴങ്ങി. വലിയ പ്രതീക്ഷകളോടെ സ്വന്തമാക്കിയ താരത്തിന് പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോയതോടെ ടീമിൽ അവസരവും കുറയുകയായിരുന്നു. ഗോവയിൽ നടന്ന ഏഴാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിൽപ്പോലും അവസരം ലഭിക്കാതിരുന്ന താരം കൂടുതൽ കളി സമയം ലഭിക്കുന്നതിനായിട്ടാണ് ഇപ്പോൾ ക്ലബ്ബുമായി വേർപിരിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
2013-14 സീസണിൽ ചർച്ചിൽ ബ്രദേഴ്സിലൂടെ സീനിയർ കരിയറിന് തുടക്കമിട്ട ബിലാൽഖാൻ, ഹിന്ദുസ്ഥാൻ ഫുട്ബോൾ ക്ലബ്ബ്, എഫ് സി പൂനെ സിറ്റി എന്നീ ക്ലബ്ബുകളുടേയും ഭാഗമായിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് വിട്ട താരത്തിന്റെ അടുത്ത തട്ടകം ഏതാണെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.