റൊണാൾഡോ ബാലൺ ഡി ഓർ നേടിയപ്പോൾ തനിക്കും അതു നേടാൻ കഴിയുമെന്നു തോന്നിയിരുന്നുവെന്ന് ബെൻസിമ


ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓറിനു വേണ്ടി സമീപകാലത്തുണ്ടായതിൽ വെച്ചേറ്റവും തുറന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ലയണൽ മെസി, ജോർജിന്യോ, റോബർട്ട് ലെവൻഡോസ്കി, കരിം ബെൻസിമ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളെല്ലാം പുരസ്കാരനേട്ടത്തിനു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇവരിലൊരാൾക്ക് മുൻതൂക്കമുണ്ടെന്നു പറയാൻ കഴിയില്ല.
ബാലൺ ഡി ഓറിനു പരിഗണിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായ ബെൻസിമ പുരസ്കാരം നേടാൻ തനിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. ആ നേട്ടത്തിൽ നിന്നും ഒരുപാട് അകലെയല്ല താൻ നിൽക്കുന്നതെന്നാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓർ നേടിയപ്പോൾ തന്നെ അതിനു തനിക്കും കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.
"അതെപ്പോഴും ഒരു ലക്ഷ്യമായിരുന്നു. എന്റെ മനസിലത് എല്ലായിപ്പോഴും ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയിച്ചപ്പോൾ എനിക്കും അതിൽ വിജയിക്കാൻ കഴിയുമെന്നു ഞാൻ കരുതി," ഇഎസ്പിഎന്നിനോട് സംസാരിക്കുമ്പോൾ ബെൻസിമ പറഞ്ഞു.
"ഞാനൊരിക്കലും അതു വിജയിക്കാൻ ഇത്രയും അരികിൽ എത്തിയിട്ടില്ലെന്ന് എനിക്കു പറയാൻ കഴിയും, ഞാൻ നടത്തിയ പ്രകടനത്തോട് അതിനു നന്ദി പറയുന്നു. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിൽ ഞാൻ നടത്തിയ പ്രകടനമാണ് അതിനു കാരണം. ഞാൻ വളരെയധികം ദൂരെയല്ല," ബെൻസിമ വ്യക്തമാക്കി.
റയൽ മാഡ്രിഡിനു വേണ്ടി കഴിഞ്ഞ സീസണുകളിൽ നടത്തിയ പ്രകടനവും ഇക്കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയതും ഫ്രാൻസിനൊപ്പം യുവേഫ നാഷൻസ് ലീഗ് കിരീടം നേടിയതുമെല്ലാമാണ് ബെൻസിമയെ ബാലൺ ഡി ഓറിനു സാധ്യതയുള്ള താരമാക്കി മാറ്റുന്നത്. ഈ സീസണിൽ കരിയറിലെ ഏറ്റവും മികച്ച ഗോൾവേട്ടയാണ് താരം നടത്തുന്നത്.