മെസിയെ വിമർശിക്കുന്നവർക്ക് ഫുട്ബോൾ എന്താണെന്ന് മനസിലാവില്ലെന്ന് ബെൻസിമ

Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

ലയണൽ മെസിയെപ്പോലൊരു താരത്തെ വിമർശിക്കുന്നവർക്ക് ഫുട്ബോൾ എന്താണെന്ന് മനസിലാക്കാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് താരം കരിം ബെൻസിമ. കുറച്ചു സീസണുകളിലായി റയൽ മാഡ്രിഡിന്റെ കുന്തമുനയായ താരം ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പിഎസ്‌ജിയെ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മുൻ ബാഴ്‌സലോണ നായകനെക്കുറിച്ച് സംസാരിച്ചത്.

ബാഴ്‌സലോണയിൽ നിന്നും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ഇതുവരെയും തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം ടീമിനൊപ്പം നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ താരത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ ബെൻസിമ, മെസി ഫ്രാൻസിൽ വിജയം കണ്ടെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

"താരം നന്നായി കളിക്കാതിരിക്കാൻ യാതൊരു വഴിയുമില്ല. എല്ലാ കാര്യങ്ങളോടും ഇണങ്ങിച്ചേരുന്ന സമയം മാത്രമാണിത്, കാരണം താരം ഗോളുകൾ നേടുന്നില്ല. എന്നാൽ മൈതാനത്ത് മെസി എന്തു ചെയ്യുന്നുവെന്നു നോക്കുക. എന്തായാലും മെസിയെപ്പോലൊരു താരത്തെ വിമർശിക്കാൻ കഴിയില്ല. മെസിയെ വിമർശിക്കുന്ന ആളുകൾക്ക് ഫുട്ബോൾ ശരിക്കുമെന്താണെന്ന് അറിയില്ല." ബെൻസിമ ടെലിഫൂട്ടിനോട് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് ടീമിലെ സഹതാരമായ കിലിയൻ എംബാപ്പക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും ബെൻസിമ പറഞ്ഞു. "എംബാപ്പയെ നേരിടുന്നത് വളരെ സ്പെഷ്യലായ കാര്യമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്താണ് സംഭവിക്കുകയെന്നു കണ്ടറിയാം. താരത്തിന് വിജയം ആവശ്യമാണ്, എനിക്കും."

"ഞങ്ങൾ മറ്റേതെങ്കിലും ടീമിനെ നറുക്കെടുപ്പിൽ ലഭിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ അവരെ നേരിടാൻ റയൽ മാഡ്രിഡ് തയ്യാറെടുത്തു കഴിഞ്ഞു." ബെൻസിമ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.