ഹാട്രിക്കുമായി ബെൻസിമ; ആദ്യ പാദത്തിൽ ചെൽസിയെ 3-1ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്

കരിം ബെൻസിമ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സരത്തിൽ 3-1നാണ് റയൽ വിജയം കരസ്ഥമാക്കിയത്. റയലിന്റെ മൂന്ന് ഗോളുകളും ബെൻസിമ സ്വന്തമാക്കിയപ്പോൾ, ചെൽസിയെ ആശ്വാസഗോൾ കായ് ഹാവെർട്സിന്റെ വകകയായിരുന്നു.
മത്സരത്തിന്റെ 21ആം മിനുറ്റിൽ ബെൻസിമയാണ് ആദ്യം വലകുലുക്കിയത്. ബെൻസിമയും വിനീഷ്യസും ചേർന്ന് നടത്തിയ നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. വിനീഷ്യസിന്റെ ക്രോസിൽ നിന്നുള്ള ബെൻസിമയുടെ അത്യുജല ഹെഡർ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ പരാജയപ്പെടുത്തുകയായിരുന്നു.
ആദ്യ ഗോൾ നേടിയതിന് വെറും മൂന്ന് മിനിറ്റുകൾക്ക് ശേഷം റയൽ വീണ്ടും ചെൽസി വല കുലുക്കി. ഇത്തവണയും മറ്റൊരു മികച്ച ഹെഡറിലൂടെ ബെൻസിമയാണ് ഗോൾ കരസ്ഥമാക്കിയത്. ലൂക്ക മോഡ്രിച്ചിന്റെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്.
രണ്ട് ഗോളുകൾക്ക് പിറകിലായ ചെൽസി, മത്സരത്തിന്റെ 40ആം മിനുറ്റിൽ ഒരു ഗോൾ മടക്കി. ജോർജീനോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഹാവേർട്സ് ഗോൾ നേടുകയായിരുന്നു.
2-1ന് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ തന്നെ ബെൻസിമ തന്റെ ഹാട്രിക്കും റയലിന്റെ മൂന്നാം ഗോളും നേടി. ചെൽസി ഗോൾകീപ്പർ മെൻഡിയുടെ പിഴവാണ് ഗോളിന് വഴിവെച്ചത്. റുഡിഗറിന് പാസ് നൽകാനുള്ള മെൻഡിയുടെ ശ്രമം പാളിയപ്പോൾ, അവസരം മുതലെടുത്ത ബെൻസിമ പന്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ട് ഗോളുകൾക്ക് വീണ്ടും പിറകിലായതോടെ ചെൽസി ആക്രമണം കനപ്പിച്ചെങ്കിലും, ശക്തമായി പ്രതിരോധിച്ചു നിന്ന റയലിനെ മറികടന്ന് ഗോളുകൾ നേടാൻ നീലപ്പടക്ക് കഴിഞ്ഞില്ല.
വിജയത്തോടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് ഒരു ചുവട് വെക്കാൻ റയലിനായി. ചെൽസിയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ റയലിനായാൽ, കഴിഞ്ഞ സീസണിൽ തങ്ങളെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയ ചെൽസിയോട് പകരം വീട്ടാനും സ്പാനിഷ് വമ്പന്മാർക്ക് കഴിയും.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ വെച്ച് ഏപ്രിൽ 13നാണ് രണ്ടാം പാദ മത്സരം.