റയൽ മാഡ്രിഡിന് ആശങ്കയുടെ ദിവസങ്ങൾ, പിഎസ്ജിക്കെതിരെ ബെൻസിമ കളിക്കുന്നത് അനിശ്ചിതത്വത്തിൽ തന്നെ


എൽഷെക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ പരിക്കേറ്റു പതിനേഴു ദിവസത്തോളമായി പുറത്തിരിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസിമ റയൽ മാഡ്രിഡിനു സമ്മാനിക്കുന്നത് ആശങ്കയുടെ ദിവസങ്ങൾ. കഴിഞ്ഞ ദിവസം മുതൽ ടീമിൽ നിന്നു മാറി ഒറ്റക്കുള്ള പരിശീലനം താരം ആരംഭിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കാനിറങ്ങാൻ സാധ്യത വളരെ കുറവാണെന്നാണ് സ്പാനിഷ് മാധ്യമം മാർക്ക വെളിപ്പെടുത്തുന്നത്.
ആരാധകർ കാത്തിരിക്കുന്ന, ഒട്ടനവധി മാനങ്ങളുള്ള ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ലെ പിഎസ്ജി-റയൽ മാഡ്രിഡ് പോരാട്ടത്തിന് ഇനി അഞ്ചു ദിവസത്തോളം മാത്രം ബാക്കി നിൽക്കെയാണ് ബെൻസിമ മത്സരത്തിനായി ഇറങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതയിലാത്തത്. ഒറ്റക്ക് പരിശീലനം നടത്തിയ താരം പിച്ചിൽ ഇറങ്ങുകയും പന്തുമായി കുറച്ചു നേരം ട്രെയിൻ ചെയ്തതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മത്സരത്തിന് ബെൻസിമയുടെ സാന്നിധ്യം ഇപ്പോഴും ഉറപ്പിക്കാൻ കഴിയില്ല.
The Frenchman still isn't training with the group.https://t.co/TcOnXFrDe7
— MARCA in English (@MARCAinENGLISH) February 9, 2022
ബെൻസിമ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സഹതാരങ്ങളുടെ കൂടെ പരിശീലനം നടത്തുമെന്നും അതിനു ശേഷം വാരാന്ത്യത്തിൽ വിയ്യാറയലിനെതിരെ നടക്കുന്ന മത്സരത്തിൽ ഏതാനും മിനുട്ടുകൾ ലഭിക്കുമെന്നുമാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്. എന്നാൽ താരം ആ മത്സരത്തിൽ ഇറങ്ങാനുള്ള സാധ്യത തീരെയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് ബെൻസിമയെ പരിക്കിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ റയൽ മാഡ്രിഡ് നടപ്പാക്കിയ പദ്ധതി കൃത്യമായി നടന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
ബെൻസിമയുടെ ഹാംസ്ട്രിങ്ങിൽ ഒരു ചെറിയ പിളർപ്പുണ്ടെന്നും ജനുവരി 23 മുതൽ അതു ഭേദമാക്കാൻ റയൽ മാഡ്രിഡ് മെഡിക്കൽ ടീം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മാർക്ക പറയുന്നു. എന്നാൽ വിയ്യാറയലിനെതിരെ താരം കളിക്കില്ലെന്നും ചാമ്പ്യൻസ് ലീഗിൽ ഇറങ്ങാനുള്ള സാധ്യത വളരെ കുറവാണെന്നും ഇനി ഇറങ്ങിയാൽ തന്നെ തൊണ്ണൂറു മിനുട്ടും ഫ്രഞ്ച് ക്ലബിനെതിരെ കളിക്കാൻ കരിം ബെൻസിമക്ക് കഴിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.